‘ശജറ’ വീണ്ടും ചർച്ചയിലേക്ക്; ഹകീം ഫൈസിയെ വിലക്കിയത് സമസ്തയുടെ പേരിൽ ചിലരെന്ന് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിന്റെ (സി.ഐ.സി) രാജി സമർപ്പിച്ച ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ വേദികളിൽനിന്ന് വിലക്കിയത് സമസ്തയുടെ പേരിൽ ചിലരെന്ന് സി.ഐ.സി പ്രസിഡന്റുകൂടിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ‘ മലയാള മനോരമ’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രസ്താവനയോടെ ഹകീം ഫൈസിക്കെതിരായ നീക്കത്തിന് പിന്നിൽ ചരടുവലിച്ച സമസ്തയിലെ ‘ശജറ’ വിഭാഗത്തെ കുറിച്ച ചർച്ച സജീവമാവുകയാണ്. ഹകീം ഫൈസിയെ വിലക്കിയത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആരെയും വിലക്കുന്നത് സമസ്തയല്ല. സമസ്തയുടെ പേരിൽ ചിലരാണ്. ഇത്തരം വിഷയങ്ങളിൽ സമസ്തയും ലീഗും ചർച്ച ചെയ്ത് പരിഹാരം കാണാറുണ്ട്. സമസ്ത, സി.ഐ.സി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനിടക്കുള്ള വിശദീകരണങ്ങളും പ്രതികരണങ്ങളും പരിഹാര ശ്രമങ്ങളെ ബാധിച്ചേക്കുമെന്നും കൂട്ടിച്ചേർത്തു. സി.ഐ.സിക്കും ഹകീം ഫൈസിക്കുമെതിരെ ‘ശജറ’ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആദർശ വിശദീകരണ യോഗങ്ങളെക്കൂടി സൂചിപ്പിച്ചാണ് സാദിഖലി തങ്ങൾ ഇങ്ങനെ പറഞ്ഞത്. സാദിഖലി തങ്ങൾ പ്രസിഡന്റായ കടമേരി റഹ്മാനിയ കോളജിൽ ഹകീം ഫൈസിക്കെതിരായ ആദർശ വിശദീകരണ യോഗം നടത്താനുള്ള ശ്രമം തങ്ങൾ തടഞ്ഞിരുന്നു.
ഹകീം ഫൈസിക്കും സി.ഐ.സിക്കുമെതിരെ രംഗത്തുള്ള യുവജന, വിദ്യാർഥി സംഘടന ഭാരവാഹികളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരെയാണ് ‘ശജറ’ വിഭാഗമായി എതിരാളികൾ ആരോപിക്കുന്നത്.
സ്ത്രീകൾ പൊതുവേദി പങ്കിടുന്നതുമായി ബന്ധപ്പെട്ട് പാരമ്പര്യ വിഭാഗത്തിനെതിരെ നിലപാടെടുത്ത എം.എസ്.എഫ് ദേശീയ പ്രസിഡന്റായിരുന്ന ടി.പി. അഷ്റഫലി 2015ൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനിൽനിന്ന് മത്സരിച്ചപ്പോൾ തോൽപിക്കാൻ ഹമീദ് ഫൈസിയുടെ നേതൃത്വത്തൽ ശ്രമം നടത്തിയിരുന്നു. അന്ന് ‘ശജറത്തുൻ ത്വയ്യിബ’ (സദ്വൃക്ഷം) എന്ന പേരിൽ രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പിന്റെ പേരിൽനിന്നാണ് ‘ശജറ’ വിഭാഗം എന്ന വിളിപ്പേരുണ്ടായത്.
അതേസമയം, സി.ഐ.സി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി താനെഴുതിയ കത്ത് ദുർവ്യാഖ്യാനം ചെയ്യരുതെന്ന് സാദിഖലി തങ്ങൾ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മാർച്ച് ആറിന് സ്വന്തം കൈപ്പടയിൽ സി.ഐ.സിക്ക് എഴുതിയ കത്തിൽ ഹകീം ഫൈസിക്കൊപ്പം രാജിവെച്ച അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും സ്ഥാപനത്തിലേക്ക് മടങ്ങിയെത്തണമെന്നും ‘രാജിയുൾപ്പെടെയുള്ള കാര്യങ്ങൾ യഥോചിതം പരിഹരിക്കപ്പെടുന്നതാണെന്നും’ സാദിഖലി തങ്ങൾ അറിയിച്ചിരുന്നു.
ഇതേതുടർന്ന് ഹകീം ഫൈസിയുടെ രാജി പിൻവലിക്കാൻ തീരുമാനിച്ചെന്ന തരത്തിൽ പ്രചാരണം വന്നതോടെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. രാജി നടപടി പൂർത്തിയാകാൻ സി.ഐ.സി സെനറ്റ് ചേർന്ന് അംഗീകരിക്കേണ്ടതുണ്ടെന്നും സാദിഖലി തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.