സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം; തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: തട്ടം വിവാദത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പരാമർശം നടത്തിയതെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് അദ്ദേഹം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണ്. മുസ്‌ലിം ലീഗും അങ്ങിനെത്തന്നെയാണ്, സമസ്തയുമായി എപ്പോഴും യോജിച്ചാണ് പോയിട്ടുള്ളത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ല -സാദിഖലി തങ്ങൾ പറഞ്ഞു.
തട്ടം വിവാദത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ‘മുഖ്യമന്ത്രിയുടെ ഫോൺകാൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. ഇവരുടെ പാർട്ടിയോടുള്ള സമീപനമെന്താണെന്ന് അവർ പറയണം’ എന്ന പി.എം.എ. സലാമിന്റെ പരാമർശമാണ് സമസ്തയെ ചൊടിപ്പിച്ചത്. തുടർന്ന് പി.എം.എ. സലാമിനെതിരെയും അബ്ദുറഹ്മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകിയിരുന്നു. പി.എം.എ. സലാം നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.