ജലയാനം ഓടിക്കാനും കടമ്പ കടക്കണം; പരിശീലനം വിപുലപ്പെടുത്തി മാരിടൈം ബോർഡ്
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് രംഗത്തെ പരിഷ്കാരങ്ങൾ ചർച്ചയാവുമ്പോൾ ഉൾനാടൻ ജലഗതാഗത-ഹൗസ് ബോട്ട് മേഖലകളെ സുരക്ഷിതമാക്കാനുള്ള വിപുല പരിശീലന പരിപാടിയുമായി മാരിടൈം ബോർഡ്. സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത മേഖലയിലെ രജിസ്ട്രേഷനടക്കമുള്ള ചുമതലകൾ നിർവഹിക്കുന്ന മാരിടൈം ബോർഡിന്റെ ബോട്ട് ജീവനക്കാർക്കായുള്ള പുതുക്കിയ പരിശീലന പരിപാടികൾക്ക് സർക്കാർ അനുമതി നൽകി.
ആവശ്യമെങ്കിൽ യോഗ്യരായ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ബോട്ട് ക്രൂ പരിശീലനത്തിന് ഉറപ്പാക്കാനാണ് അനുമതി. നീണ്ടകര, കൊടുങ്ങല്ലൂർ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പരിശീലനം. കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പും ജലഗതാഗത രംഗത്ത് കാലാനുസൃത മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തുള്ളവർക്ക് കാലാനുസൃതമായ പരിശീലന പദ്ധതി അനിവാര്യമാണെന്ന നിലപാടിലാണ്.
സംസ്ഥാനത്ത് ഉൾനാടൻ യന്ത്രവത്കൃത ജലഗതാഗത മേഖലയിൽ 12,000ത്തോളം പേർ പണിയെടുക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത്രയും പേർക്ക് പരിശീലനം നൽകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് കേരള മാരിടൈം ബോർഡ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മേഖലയിൽ മുൻപരിചയമില്ലാത്തവർക്കും കോഴ്സ് പൂർത്തിയാക്കി പരിശീലത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാനാവും. കോഴ്സിനോടനുബന്ധിച്ച വിവിധ പരിശീലനങ്ങൾക്ക് കൊച്ചിൻ ഷിപ്യാർഡ്, മർചന്റ് നേവി ക്ലബ് എന്നിവയുടെ സഹകരണവും തേടും. ലസ്കർ, സ്രാങ്ക് സർട്ടിഫിക്കറ്റ് കോഴ്സുകൾ നേരത്തേ നടത്തിയിരുന്നു.
ഇതിന് പകരം മൂന്ന് മാസം ദൈർഘ്യമുള്ള ‘4 ജി.പി റേറ്റിങ്, 28 ദിവസത്തെ ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ തുടങ്ങിയ കോഴ്സുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉൾനാടൻ ജല ഗതാഗതം, ഹൗസ് ബോട്ടുകൾ എന്നിവയിൽ വിദഗ്ധ പരിശീലനം നേടുന്നവരുടെ സേവനം ഉറപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.