കുതിരവട്ടത്ത് സുരക്ഷ വീഴ്ചയും ചാടിപ്പോകലും തുടർക്കഥ
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വീഴ്ചയും അന്തേവാസികളുടെ ചാടിപ്പോക്കും തുടർക്കഥ. കഴുത്തിൽ സാരിചുറ്റി ഭർത്താവിനെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിനി പൂനംദേവിയാണ് അവസാനമായി ചാടിപ്പോയതും പിന്നീട് വേങ്ങരയിൽ നിന്ന് പിടിയിലായതും. ശുചിമുറിയുടെ ചെറിയ ഗ്രിൽ ഇളക്കിമാറ്റിയാണ് ഇവർ രക്ഷപ്പെട്ടതെങ്കിൽ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് നേരത്തെ രക്ഷപ്പെട്ടത് മറ്റൊരു അന്തേവാസിയുടെ കൈയിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ അഗ്നി രക്ഷസേന എത്തിയ സമയത്താണ്. ഇയാൾ പിന്നീട് കർണാടകയിലെ ധർമസ്ഥാലയിൽ നിന്നാണ് പിടിയിലായത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായ കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനും നേരത്തെ ഇവിടെ നിന്ന് ചാടിപ്പോയി. ദിവസങ്ങളെടുത്ത് ശുചിമുറിയുടെ ഭിത്തി സ്റ്റീൽ പാത്രം ഉപയോഗിച്ച് തുരന്ന് പുറത്തുചാടിയ ഇദ്ദേഹം പിന്നീട് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചു. ഇതൊന്നും കൂടാതെ ഇതര സംസ്ഥാനക്കാരായ യുവതികളടക്കം പത്തിലേറെ പേർ വിവിധ ദിവസങ്ങളിലായി ചാടിപ്പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്തു. മഹാരാഷ്ട്ര സ്വദേശിനിയായ യുവതി സഹ അന്തേവാസിയുടെ മർദനമേറ്റ് ഇവിടത്തെ സെല്ലിൽ മരിച്ചിരുന്നു. അന്തേവാസികൾ തുടരെ ചാടിപ്പോകുന്നതിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മതിയായ സുരക്ഷ ജീവനക്കാരില്ലാത്തതാണ് പ്രധാനകാരണമായി കണ്ടെത്തിയത്.
ഇക്കാര്യം റിപ്പോർട്ടാക്കി അന്നത്തെ സിറ്റി പൊലീസ് മേധാവി എ. അക്ബർ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർ വിഷയത്തിലിടപെട്ട് കൂടുതൽ താൽക്കാലിക സുരക്ഷ ജീവനക്കാരെയടക്കം നിയോഗിച്ചു. മാത്രമല്ല മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവർ വിവിധ സമയങ്ങളിൽ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. എന്നിട്ടും സുരക്ഷ പ്രശ്നങ്ങൾ പൂർണമായും പിരിഹരിക്കാനായില്ലെന്നത് വിമർശനങ്ങൾക്കിടയായിട്ടുണ്ട്.
ഓരോ മണിക്കൂർ ഇടവിട്ടും പരിശോധന നടക്കുന്ന സെല്ലിൽ നിന്നാണ് കഴിഞ്ഞ ദിവസം യുവതി ചാടിപ്പോയത് എന്നതടക്കം വലിയ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.