സ്കൂളുകളുടെ സുരക്ഷ: സംസ്ഥാനം പാതിവഴിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്തെ സ്കൂളുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പാതിവഴിയിൽ. സുരക്ഷ സംബന്ധിച്ച വിദ്യാഭ്യാസ ചട്ടത്തിലെ മാർഗനിർദേശങ്ങൾ പൂർണമായി നടപ്പാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ സുരക്ഷഭീഷണി കണക്കിലെടുത്ത് ഒാരോ വർഷവും മഴക്കാലം തുടങ്ങുേമ്പാൾ പല ജില്ലയിലെയും സ്കൂളുകൾക്ക് ദിവസങ്ങളോളം അവധി നൽകേണ്ടിവരുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വാർഷികയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിത സ്ഥലത്താകണമെന്നും ആരോഗ്യകരമായ പരിസരവും കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനവും ഉണ്ടായിരിക്കണമെന്നുമാണ് 1959ലെ വിദ്യാഭ്യാസ ചട്ടം നിർദേശിക്കുന്നത്. കെട്ടിടങ്ങളുടെ മേൽക്കൂര എളുപ്പം തീപിടിക്കുന്ന സാമഗ്രികൾകൊണ്ട് നിർമിച്ചതാകരുത്. എല്ലാ വർഷവും മേയ് 10നകം വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കിയിരിക്കണം. കെട്ടിടത്തിന് ഭീഷണി ഉയർത്തുന്ന മരങ്ങൾ യഥാസമയം മുറിച്ചുമാറ്റാൻ സ്കൂൾ മേലധികാരി നടപടിയെടുക്കണം.
ഇതിന് വനം, പൊതുമരാമത്ത് വകുപ്പുകളുടെ അനുമതിപോലും ആവശ്യമില്ല. സുരക്ഷസംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ കൃത്യമായ ഇടവേളകളിൽ മോക്ഡ്രില്ലുകൾ നടത്തണമെന്നും നിർദേശമുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. മലയോര ജില്ലകളിൽ പല സർക്കാർ സ്കൂളുകളും വേണ്ടത്ര സുരക്ഷിതമല്ല. മിന്നൽ രക്ഷാ സംവിധാനവും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള കവാടങ്ങളും തീയണക്കാനുള്ള സംവിധാനങ്ങളും പല സ്കൂളിലും ഇല്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടത്തേണ്ടത്. എന്നാൽ, ഫയർഫോഴ്സ് ജീവനക്കാരുടെ കുറവുമൂലം എല്ലാ സ്കൂളിലും മോക്ഡ്രിൽ കൃത്യമായി നടത്താനാവുന്നില്ല. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളിൽ സ്കൂളുകൾ നിർമിക്കുേമ്പാൾ പ്രത്യേക ശ്രദ്ധ നൽകാനായിട്ടില്ലെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നു. അതേസമയം, സ്കൂൾ സുരക്ഷ ക്ലബുകൾ, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, വിദ്യാർഥികളുടെ ദ്രുതകർമ സേന എന്നിവ രൂപവത്കരിച്ചിട്ടുണ്ടെന്നും സ്കൂളുകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ, സാമൂഹികനീതി, പൊലീസ് വകുപ്പുകൾക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.