അംഗന്‍വാടി കൈയേറി കാവി പെയിന്റടിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും -മന്ത്രി
text_fieldsനേമം (തിരുവനന്തപുരം): അംഗന്‍വാടി കെട്ടിടം കൈയേറി കാവി പെയിന്റടിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് വാര്‍ഡിലെ 107-ാം നമ്പര്‍ അംഗന്‍വാടിയിലാണ് സംഭവം.
അംഗന്‍വാടി കെട്ടിടം ഒന്നാകെ കാവി പെയിന്റടിച്ചതും കിണറിന്റെ ഭാഗത്ത് ഓം എന്ന് എഴുതിവയ്ക്കുകയും ചെയ്തത് സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് ഇവിടം.
സമൂഹത്തില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കേരളത്തിന്റെ മതനിരപേക്ഷ മനസില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ നിരന്തരം വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അംഗന്‍വാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കളിക്കാനും പഠിക്കാനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വനിതാ ശിശുവികസന വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും സഹായത്തോടെ കേരളത്തിലെ അംഗന്‍വാടികള്‍ നവീകരിക്കാനും സ്മാര്‍ട്ട് അംഗന്‍വാടികളാക്കാനുമുള്ള നടപടികളുമായി വനിതാ ശിശുവികസന വകുപ്പ് മുന്നോട്ടുപോകുകയാണ്. ഓരോ പ്രദേശത്തെയും എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണയും സഹകരണവും ഇതിനാവശ്യമാണെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.