എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചതായി സഫ്ന; കെ.എസ്.യു അനുഭാവികൾക്ക് പീഡനമേൽക്കുന്നു
text_fieldsഎസ്.എഫ്.ഐ പ്രവർത്തകർ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് വളഞ്ഞിട്ട് മർദിച്ചതായി ലോ കോളജിലെ കെ.എസ്.യു നേതാവ് സഫ്ന. കഴിഞ്ഞ ദിവസം രാത്രിയാണ് സഫ്ന ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ മർദിച്ചത്. സംഘർഷത്തിൽ സഫ്നയ്ക്കു പുറമേ ജനറൽ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിൻ തമ്പി, എസ്.എഫ്.ഐ പ്രവർത്തകൻ അനന്ദു എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
'കെ.എസ്.യു പ്രവർത്തകൻ ആഷിഖിനെയാണ് ആദ്യം എസ്.എഫ്.ഐക്കാർ ആക്രമിച്ചത്. തടയാൻ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിരവധി പേർ ഇടിച്ചു. നേരത്തെയും കോളജിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗൺസിൽ എസ്.എഫ്.ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയിൽ പൊലീസും യാതൊരു നടപടിയും എടുത്തില്ല. അവർ അൻപതോളം പേർ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മർദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നു' - സഫ്ന പറഞ്ഞു.
എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് എസ്.എഫ്.ഐയുടേതെന്നും നേരത്തെ തന്റെ നേരെ പെയിന്റ് കോരി ഒഴിച്ചിട്ടുണ്ടെന്നും സഫ്ന പറഞ്ഞു. കെ.എസ്.യു അനുഭാവികൾക്ക് കോളജിൽ പീഡനമേൽക്കേണ്ടി വരികയാണ്. എസ്.എഫ്.ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജിൽ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്ന പറഞ്ഞു.
അതേസമയം, എസ്.എഫ്.ഐയുടെ അക്രമത്തിനെതിരെ കെ.എസ്.യു നിയമസഭയിലേക്ക് മാർച്ച് നടത്തി. ജലപീരങ്കിയടക്കം പ്രയോഗിച്ചാണ് പൊലീസ് മാർച്ചിനെ നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.