സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. അക്കാദമി വികസനത്തിന് ഇരുപതിന കർമപരിപാടി തയാറാക്കിയിട്ടുണ്ടെന്നും നിർവാഹക സമിതിയുടെ അംഗീകാരത്തിന് ശേഷം സർക്കാർ പിന്തുണക്ക് വിധേയമായി അവ നടപ്പാക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽവത്കരിച്ച് പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകും. ലിറ്റിൽ മാഗസിനുകൾ മുതൽ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങൾ വരെ ഇങ്ങനെ വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും. ഇവ അച്ചടിച്ച് വിൽക്കാൻ അവകാശം ഉണ്ടാവില്ല. പ്രവാസി എഴുത്തുകാർക്കായി എന്തെല്ലാം പദ്ധതികൾ നടപ്പാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും.
കേരളത്തിന്റെ എല്ലാ ഭാഗത്തും അക്കാദമിയിലെ പരിപാടികൾ തുല്യമായി നടത്താനും ഉത്തര-മധ്യ-ദക്ഷിണ കേരളത്തിലെ പരിപാടികൾ പ്രത്യേകം ശ്രദ്ധിക്കാനും അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉൾപ്പെടെയുള്ള ചെറിയ കമ്മിറ്റികൾ രൂപവത്കരിക്കും. ലിപി പരിഷ്കരണത്തിനും ഭാഷ പരിഷ്കരണത്തിനും ആവശ്യമായ സാങ്കേതിക വിദ്യകൾക്ക് പ്രോത്സാഹനം നൽകും. സാംസ്കാരിക കൈമാറ്റത്തിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അശോകൻ ചരുവിൽ, പ്രഫ. സി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. പ്രഫ. പി.കെ. ശങ്കരൻ, കവി സി. രാവുണ്ണി, മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.