സജി ബഷീറിെൻറ പുനർനിയമനം: പുനഃപരിശോധന ഹരജി നൽകുമെന്ന് സർക്കാർ
text_fieldsകൊച്ചി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് മാറ്റിനിർത്തിയ സിഡ്കോ മുൻ മാനേജിങ് ഡയറക്ടർ സജി ബഷീറിന് പുനർ നിയമനം നൽകാനുള്ള കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് സർക്കാർ ഹൈകോടതിയിൽ. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേരള പാമിറ പ്രൊഡക്ട്സ് ഡെവലപ്മെൻറ്സ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപറേഷൻ (കെൽപാം) എം.ഡിയായി നിയമിച്ച് ഉത്തരവിട്ടതായും കോടതിയെ അറിയിച്ചു. സർവിസിൽ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെതിരെ സജി ബഷീർ നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് കോടതിയലക്ഷ്യ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പിന്നീട് സജി ബഷീറിെൻറ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
സിഡ്കോ എം.ഡിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദനവും മറ്റ് ക്രമക്കേടുകളും നടത്തിയെന്ന ആരോപണങ്ങളെ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിെൻറ പേരിൽ സജി ബഷീറിനെ സർക്കാർ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഇതിനെതിരെയാണ് മെമ്മോയോ കുറ്റപത്രമോ നൽകാതെ മൂന്ന് മാസത്തിലധികം മാറ്റിനിർത്തുന്നത് നിയമവിരുദ്ധമാണെന്നും ഉടൻ പുനർനിയമനം നൽകണമെന്നുമാവശ്യപ്പെട്ട് സജി ഹൈകോടതിയെ സമീപിച്ചത്.
ഇൗ ഹരജിയിൻമേലാണ് അനുകൂല ഉത്തരവുണ്ടായത്. സിഡ്കോ കാലാവധി കഴിയുംവരെ സിഡ്കോയിലോ മറ്റേതെങ്കിലും സർക്കാർ വകുപ്പിലോ സജിക്ക് നിയമനം നടത്തണമെന്നായിരുന്നു 2017 ആഗസ്റ്റിലെ സിംഗിൾബെഞ്ച് ഉത്തരവ്. എന്നാൽ, ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ സർക്കാറിന് കീഴിലെ ഒരു സ്ഥാപനത്തിലും നിയമിക്കാനാവില്ലെന്ന് കാട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയും സജി കോടതിയെ സമീപിച്ചു. ഇതിനിടെ പുനർനിയമനം നടത്താത്തപക്ഷം ചീഫ് സെക്രട്ടറി ഹാജരാവണമെന്ന് കോടതിയലക്ഷ്യ ഹരജിയിൽ കോടതി ഉത്തരവുണ്ടായി. തുടർന്നാണ് തിങ്കളാഴ്ച കോടതിയലക്ഷ്യ ഹരജിയുൾപ്പെടെ പരിഗണിക്കവേ സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇദ്ദേഹത്തിനെതിെര സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. ദിലീപ് നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.