ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാലും ഇല്ലെങ്കിലും സർക്കാറിന് പ്രശ്നമില്ല -സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാലും ഇല്ലെങ്കിലും സർക്കാറിന് പ്രശ്നമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാറിനെ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിടുന്നതിലോ പുറത്തുവിടാതിരിക്കുന്നതിലോ പ്രശ്നമില്ല. കാരണം, സർക്കാറിന് ലഭിച്ച റിപ്പോർട്ട് വിവരാവകാശ കമീഷന് കൈമറി. അവർ അത് സംസ്ഥാന ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറി. ഇപ്പോൾ കോടതി വന്നതിന്‍റെ അടിസ്ഥാനത്തിൽ ഇനി അവർ ആണ് നിശ്ചയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എത്തിച്ചേർന്ന നിഗമനങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ആ നിഗമനങ്ങൾ പുറത്തുവിടുന്നതിൽ സർക്കാറിന് യാതൊരു തടസ്സവുമില്ല. പക്ഷേ റിപ്പോർട്ടിലെ ചില മൊഴി ഭാഗങ്ങളുണ്ട്. ആരുടെയും പേര് പരാമർശിക്കുന്നില്ലെങ്കിൽ ആ ഭാഗങ്ങൾ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വ്യാഖാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് വൈകീട്ട് 3.30ഓടെ റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിടാനിരിക്കെയാണ് ഹൈകോടതി സ്റ്റേ വന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ ആണ് ഹൈകോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.