രാഷ്ട്രീയമായ നിലപാടിൽ മാറ്റമില്ല, ഏത് വിഷയങ്ങളിലാണ് പ്രയാസമുണ്ടായതെന്ന് മനസ്സിലായിട്ടില്ല -സജി ചെറിയാൻ
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ പരാമർശത്തിലെ കേക്ക്, വൈൻ, രോമാഞ്ചം തുടങ്ങിയ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ചില പരാമർശങ്ങൾ പ്രയാസമുണ്ടാക്കിയെന്ന് താനുമായി അടുപ്പമുള്ള ക്രൈസ്തവ പുരോഹിതർ നേരിട്ടും അല്ലാതെയും അറിയിച്ചതിനെത്തുടർന്നാണ് വിവാദ പദപ്രയോഗങ്ങൾ പിൻവലിക്കുന്നതെന്ന് അദ്ദേഹം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അത് വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് മേലധ്യക്ഷർ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടിൽ മാറ്റമില്ല. കിട്ടിയ അവസരം അവർ വിനിയോഗിച്ചില്ല. പുരോഹിതർ വിരുന്നിന് പോയതല്ല പ്രശ്നം. മറിച്ച് പറയേണ്ടത് പറയാത്തതാണ്.
ഹിന്ദുത്വ ഫാഷിസത്തിനെതിരെ മരണംവരെ പോരാടും. ബി.ജെ.പി ഭരണത്തിൽ കഴിഞ്ഞ ഒമ്പതുവർഷത്തോളമായി സമാനതകളിലാത്ത ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. ക്രൈസ്തവ കൂട്ടായ്മ പുറത്തിറക്കിയ കണക്കനുസരിച്ച് കഴിഞ്ഞ ഒരുവർഷം രാജ്യത്ത് 700 വർഗീയ അതിക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ആക്രമണങ്ങളുടെ കാര്യത്തിൽ രാജ്യം 11ാം സ്ഥാനത്താണ്. മണിപ്പൂരിൽ മാത്രം നൂറുകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
അറുപതിനായിരത്തോളംപേർ ഭവനരഹിതരായി. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തു. ബി.ജെ.പിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. മുസ്ലിംകൾക്കെതിരെയും വിവിധ സംസ്ഥാനങ്ങളിൽ ആക്രമണമുണ്ടായി. ഇതിനെതിരെ നിലപാട് ഒരുമിച്ചെടുക്കണമെന്നാണ് താൻ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ വിരുന്നിൽ ഉന്നയിക്കണമായിരുന്നു.
മുതലെടുപ്പിനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശ്രമിക്കുന്നത്. മണിപ്പൂർ പ്രശ്നത്തിൽ അദ്ദേഹത്തിന്‍റെ പാർട്ടിയാണ് ആദ്യം ഉറച്ച നിലപാടെടുക്കേണ്ടത്. കേരളത്തിൽ മുസ്ലിംകളെ അകറ്റി ക്രിസ്ത്യാനികളെ പിടിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ഈ തന്ത്രം തിരിച്ചറിയേണ്ടവർ തിരിച്ചറിയണം. മണിപ്പൂരിൽ ആളുകളെ കൊലപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളെ പിന്തുണക്കുന്നവർ കേക്കുമായി കേരളത്തിൽ വീടുകയറുന്നത് വിരോധാഭാസമാണ്. നിലപാട് പറയുന്നതിന്‍റെ പേരിൽ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സജി ചെറിയാൻ വാർത്താ സമ്മേളനം നടത്തിയത്.
സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞിരുന്നു.
ഇന്ന് ദീപിക പത്രത്തിന്‍റെ എഡിറ്റോറിയലിലും രൂക്ഷ വിമർശനമാണ് സജി ചെറിയാനെതിരെ നടത്തിയിരുന്നത്. കേരള മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുത്തിരുന്നെന്നും അതു കണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്നാണ് ‘രാഷ്ട്രീയക്കളികളിൽ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം?’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിൽ ചോദിച്ചത്. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാനെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.