സേവ് കുട്ടനാടിന് പിന്നിൽ ഗൂഢാലോചന, ജനങ്ങളെ ഭീതിപ്പെടുത്താൻ ശ്രമമെന്നും സജി ചെറിയാൻ
text_fieldsആലപ്പുഴ: 'സേവ് കുട്ടനാട്' എന്ന പേരിലുള്ള കാമ്പയിന് പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ താൽപര്യവുമാണെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
1500 കുടുംബങ്ങൾ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. ഇത് ആസൂത്രിതമാണെന്നാണ് മന്ത്രിയുടെ വിമർശനം.
'കുട്ടനാട് വെള്ളം കയറി എല്ലാം നശിക്കാൻ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന പ്രചാരമാണ് നടത്തുന്നത്. കുറച്ച് ആളുകൾ പെട്ടന്നിറങ്ങി കുട്ടനാടിനെ രക്ഷപ്പെടുത്തൂ എന്ന് പറയുകയാണ്. അത് ആളുകളെ ഭയപ്പെടുത്തും. ഈ പ്രചാരം കൊണ്ട് ആളുകൾ കുട്ടനാട് വിടും. അതിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നത്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു'. അതിന് തടയിടേണ്ടത് ആവശ്യമാണ്'- മന്ത്രി പറഞ്ഞു. ഭയപ്പെടേണ്ട ഒരു സാഹചര്യവും കുട്ടനാട്ടിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കണമെന്ന് സേവ് കുട്ടനാട് ഫോറത്തിന്റെ അംഗം ബെന്നറ്റ് പറഞ്ഞു. കുട്ടനാടിന് വേണ്ടി വിവിധ പാക്കേജുകളും പദ്ധതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്. അതെല്ലാം പേപ്പറിൽ മാത്രം ഒതുങ്ങി പോകുന്ന സ്ഥിതിയാണ് ഉള്ളത്. കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ കൊണ്ടുവരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ബെന്നറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.