സജി ചെറിയാൻ പെരുംപറയ സ്മൃതി മണ്ഡപം സന്ദർശിച്ചു
text_fieldsമങ്കൊമ്പ്: അയ്യനാട് പാടശേഖത്തിന്റെ പാടവരമ്പത്ത് ശിലയായി പെരുംപറയ സ്മൃതി മണ്ഡപം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. കുട്ടനാടിന്റെ ചരിത്ര താളുകളിൽ ഇടം തേടാതെ പോയതാണ് പെരും പറയന്റെ ചരിത്രം. നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ ഈ കഥ വായ്മൊഴിയായി കിട്ടിയതാണ്.
കുട്ടനാട്ടിലെ മങ്കൊമ്പിലെ അയ്യനാട് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു. ബണ്ടിന്റെ ഉടമസ്ഥരായ കാടിയാഴത്ത് കുടുംബത്തിന് ഇതൊരു തലവേദനയായി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു പ്രശ്നം വച്ചു.
പ്രശ്നത്തിൽ തെളിഞ്ഞത് മടയുറക്കാൻ പരിഹാരമായി ഒരു കുരുതി വേണം. മടവീഴ്ചയുള്ള ബണ്ടിൽ ഒരു മനുഷ്യനെ ജീവനോടെ മൂടണം. ഇതുകൊണ്ട് മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുയെന്ന് കേട്ട കാരണവർ ഒന്നു ഞെട്ടിയെങ്കിലും പ്രശ്ന വിധിപ്രകാരം കുരുതി നടത്താൻ തീരുമാനിച്ചു. ഇതിനായി അറിഞ്ഞു കൊണ്ട് ഒരു ചതി ചെയ്യാൻ കാരണവർ തീരുമാനിച്ചു. ഇതിനായി കാരണവർ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു.
അയ്യനാട് പാടശേഖരത്തിൽ കട്ട കുത്തിപ്പൊക്കി ഉണ്ടാക്കിയ തുരുത്തായ പറക്കുടുക്ക വീട്ടിലാണ് പെരുംപറയൻ താമസിച്ചിരുന്നത്. എന്തും എപ്പോഴും ചെയ്യാൻ തയാറായിരുന്ന തന്റേടിയായിരുന്നു പെരുംപറയൻ. അന്ന് മട കുത്താൻ കെട്ടുവള്ളത്തിൽ വന്നവരുടെ കൂട്ടത്തിൽ പെരും പറയനും ഉണ്ടായിരുന്നു. അന്ന് എത്തിയവർക്ക് എല്ലാം കാരണവർ നന്നായി മദ്യവും നൽകിയിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കൂട്ടിൽ ഇറക്കിയത് പെരും പറയനെ ആയിരുന്നു.
മറ്റ് തൊഴിലാളികൾ കട്ടകുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി ചവിട്ടി ഉറപ്പിച്ചു കൊണ്ടിരുന്നത് പെരും പറയൻ ആയിരുന്നു. ഈ സമയം പെരും പറയന്റെ മുകളിലേക്ക് കാരണവരുടെ നിർദേശപ്രകാരം തൊഴിലാളികൾ കട്ടവാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ട അരയോളം എത്തിയപ്പോൾ തമ്പ്രാനേ അടിയൻ കട്ടക്കടിയിലായിപ്പോയേ എന്ന് പെരും പറയൻ വിളിച്ചു കൂവി.
എന്നാൽ കാരണവർ അത് കേൾക്കാൻ തയാറായില്ല. കട്ടയിട്ട് പെരും പറയനെ മൂടാൻ കാരണവർ നിർദ്ദേശം നൽകി. കട്ടക്കിടയിൽ അകപ്പെട്ട് മരണ വെപ്രാളത്തിൽ പെരും പറയൻ വിളിച്ചു പറഞ്ഞു " ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ .... തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും" ഇത് കേട്ട് കാരണവർ പൊട്ടിച്ചിരിച്ചു. ഒരു ഞരക്കം പോലും പുറത്ത് വരാതെ പെരും പറയന്റെ ജീവൻ കട്ടക്കൊപ്പം മടയിൽ ബലി അർപ്പിച്ചു.
രാത്രി കാലങ്ങളിൽ കാരണവരുടെ വീടിന്റെ മഞ്ചിന്റെ മുകളിൽ പെരും പറയന്റെ സാന്നിധ്യം അനുഭവപ്പെട്ടതോടെ കട്ടക്കിടയിൽ കിടന്ന് പെരുംപറയൻ മരണ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞ വാക്കുകൾ കാരണവർക്ക് ഓർമ്മവന്നു.ഇതോടെ കാരണവർ ജ്യോത്സ്യനെ വരുത്തി പ്രശ്നം വെച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് പെരുംപറയന്റെ ഒരു അർദ്ധകായ പ്രതിമ നിർമ്മിച്ച് പ്രായ്ഛിത്തം ആവാഹിച്ച് കുടിയിരുത്തണം. കാരണവർ പെരുംപറയന്റെ പ്രതിമ നിർമിച്ച് പ്രശ്നവിധിപ്രകാരം തന്നെ പറക്കുടുക്കയിൽ കുടിയിരുത്തി. പെരുംപറയന്റെ ആ പ്രതിമ ഇന്നും അവിടെയുണ്ട്. ഈ ചരിത്ര സ്മൃതി കാണാനാണ് മന്ത്രി സജി ചെറിയാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.