സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു; തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേത്
text_fieldsതിരുവനന്തപുരം: വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ എം.എൽ.എ വീണ്ടും മന്ത്രിയാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് സംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവെച്ചത്.
നിയമസഭാ സമ്മേളനത്തിന് മുൻപ് വീണ്ടും സത്യപ്രതിജ്ഞ നടത്തുമെന്ന് അറിയുന്നു. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം ചുമതലപ്പെടുത്തി.
സജി ചെറിയാൻ രാജി സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതംവെച്ച് നൽകുകയായിരുന്നു. ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല എന്നിവ മന്ത്രി വി. അബ്ദുഹിമാനും സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ മന്ത്രി വി.എൻ. വാസവനും യുവജനകാര്യ വകുപ്പ് പി.എ. മുഹമ്മദ് റിയാസിനുമാണ് നൽകിയത്. സജി ചെറിയാന്‍റെ േപഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരല്ലാത്തവരെ ഈ മന്ത്രിമാരുടെ ഓഫിസുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മന്ത്രിസഭ പുനഃസംഘടനയുടെ ഘട്ടത്തിലും സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പോയ എം.വി. ഗോവിന്ദന് പകരം സ്പീക്കർ എം.ബി. രാജേഷ് മന്ത്രിസഭയിലേക്കെത്തുക മാത്രമാണ് ചെയ്തത്. ഇതൊക്കെ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമെന്ന വ്യക്തമായ സൂചനകളായിരുന്നു.
സജി ചെറിയാന്‍റെ വിവാദ പരാമർശം
കഴിഞ്ഞ വർഷം ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശമുണ്ടായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.