സജി ചെറിയാൻ പ്രസ്താവന പിൻവലിക്കാതെ സർക്കാരുമായി സഹകരിക്കില്ല -കെ.സി.ബി.സി
text_fieldsതിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി. സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് കെ.സി.ബി.സി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
രാജ്യത്തിന്റെ ഭരണാധികാരികൾ, അത് പ്രധാനമന്ത്രിയോ പ്രസിഡന്റോ മുഖ്യമന്ത്രിയോ ഗവർണറോ ആവട്ടെ അവർ രാജ്യത്തിന്റെ പൊതുതലവൻമാരാണ്. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ ഭരണാധികാരികൾ പലപ്പോഴും വിളിക്കുകയും തങ്ങൾ സഹകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അദ്ദേഹത്തിന്റെ ഇപ്പോൾ സമാപിച്ച യാത്രയിലേക്ക് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ ക്ഷണിക്കുകയും പലരും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷൻമാർ സംബന്ധിച്ചതിനെക്കുറിച്ച് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി നിരുത്തരവാദപരമായ ഒരു പ്രസ്താവന നടത്തിയത് ഏറെ വേദനിപ്പിക്കുന്നതാണ്. പ്രസ്താവന പിൻവലിക്കാൻ അദ്ദേഹം തയ്യാറാവുന്നത് വരെ സർക്കാരുമായുള്ള മറ്റു പരിപാടികളിലെ ഗുണപരമായ പൊതുസമീപനത്തിൽ തങ്ങൾ വിട്ടുനിൽക്കുമെന്നും ക്ലീമിസ് ബാവ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന സർക്കാറിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സാംസ്‌കാരിക മന്ത്രി നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്നും ക്ലീമിസ് ബാവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.