'നിഷാദിന്‍റേത് സമകാലിക മലയാള സിനിമയുടെ ഭാവുകത്വം നിർണയിച്ച എഡിറ്റിങ്'; അനുശോചിച്ച് സജി ചെറിയാൻ
text_fieldsഫിലിം എഡിറ്റർ നിഷാദ് യൂസഫിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി സജി ചെറിയാൻ. കരിയറിന്‍റെ ഉന്നതയിലേക്കുള്ള യാത്രക്കിടയിലുള്ള ഈ വേർപാട് മലയാള സിനിമയെ സംബന്ധിച്ച് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് സജി ചെറിയാൻ അനുശോചനം അറിയിച്ചത്. സമകാലിക മലയാള സിനിമയുടെ ഭാവുകത്വം നിർണയിച്ച എഡിറ്റിങ്ങായിരുന്നു അദ്ദേഹത്തിന്റേത് എന്നും സജി ചെറിയാൻ കുറിക്കുന്നു.
'പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേർപാട് അങ്ങേയറ്റം ദുഃഖകരമാണ്. കരിയറിന്റെ ഉന്നതിയിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ഈ വിയോഗം മലയാള സിനിമയെ സംബന്ധിച്ചും വലിയ നഷ്ടമാണ്. സമകാലിക മലയാള സിനിമയുടെ ഭാവുകത്വം നിർണയിച്ച എഡിറ്റിങ് സ്റ്റൈലാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാലോകത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.'
അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ കങ്കുവ, മമ്മൂട്ടി ചിത്രം ബസൂക്ക, നെസ്‍ലിൻ-ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിലെ ആലപ്പുഴ ജിംഖാന തുടങ്ങിയവയാണ് വരാനിരിക്കുന്ന പ്രധാന പ്രൊജക്ടുകൾ. സൂര്യയുടെ അടുത്ത ചിത്രത്തിലും നിഷാദിനെ എഡിറ്ററായി പ്രഖ്യാപിച്ചിരുന്നു. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.