ഹാരിസൺസ് കേസ്: സജി കൊടുവത്ത് സ്പെഷ്യൽ ഗവ. പ്ലീഡർ
text_fieldsകൊച്ചി: ഹാരിസൺ കമ്പനിയും സമാനമായ മറ്റു കമ്പനികളും വ്യക്തികളും അനധികൃതമായി കൈവശം െവച്ച ഭൂമിയിൽ സർക്കാറിൻെറ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന നടപടിക്ക് നേതൃത്വം വഹിക്കാൻ ഗവ. സ്പെഷ്യൽ പ്ലീഡറായി അഡ്വ. സജി കൊടുവത്തിനെ നിയമിച്ച് റവന്യു വകുപ്പിൻെറ ഉത്തരവ്. കോട്ടയം ജില്ലാ മുൻ ഗവ. പ്ലീഡർ ആണ്.
ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ സർക്കാറിൻെറ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി പാല സബ്കോടതിയിൽ സിവിൽകേസ് ഫയൽ ചെയ്യുന്നതിന് നേതൃത്വം വഹിച്ചത് അഡ്വ. സജിയാണ്. തുടർന്ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചതിനാൽ കോട്ടയം കലക്ടറോട് അഭിപ്രായം ആരാഞ്ഞു. സർക്കാർ ഫയൽ ചെയ്യുന്ന സമാനമായ സിവിൽ കേസുകളുടെ ഫലപ്രദമായി നടത്തിപ്പിന് അദ്ദേഹം അനിവാര്യമായതിനാൽ സജി കൊടുവത്തിനെ സ്പെഷ്യൽ ഗവ. പ്ലീഡറായി നിയമിക്കുന്നതിന് കലക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു.
ഇതിൻെറ അടസ്ഥാനത്തിൽ റവന്യൂവകുപ്പ് സിവിൽ കേസുകളിൽ പ്രാവീണ്യവും ദീർഘകാലത്തെ അനുഭവസമ്പത്തുള്ള സജി കൊടുവത്തിൻെറ സേവനം തർക്കഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് ആവശ്യമാണെന്ന് ധനവകുപ്പിന് കത്ത് നൽകുകയായിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഹാരിസൺസ് കമ്പനി ചെറുവള്ളി എസ്റ്റേറ്റ് 2263.80 ഏക്കർ ഭൂമി 2005ൽ ഗോസ്പൽ ഫോർ ഏഷ്യക്ക് വിൽപന നടത്തിയതിൻെറ ഉടമസ്ഥത സ്ഥാപിക്കുന്നതിനാണ് പാല കോടതിയിൽ കേസ് ഫയൽ ചെയ്തത്. നിലവിൽ ഭൂമി അയനാ ചാരിറ്റബിൾ ട്രസ്റ്റിൻെറ കൈവശമാണ്.
മറ്റ് ജില്ലകളിൽ സിവിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ഗവ. പ്ലീഡർമാർക്ക് സമാനമായ കേസുകളിൽ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നത് ഇദ്ദേഹമായിരിക്കും. 1978 ലെ ലാ ഓഫീസേഴ്സ് (അപ്പോയിൻറ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് 11 പ്രകാരമാണ് അഡ്വ. സജി കൊടുവത്തിനെ നിയമിച്ചത്.
ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഹാരിസൺസ് കമ്പനിയും സമാനമായ കമ്പനികളും കൈവശം െവച്ചിരിക്കുന്നതും ഈ കമ്പനികളിൽനിന്നും അവരുടെ മുൻഗാമികളിൽനിന്നും ഭൂമി നേടിയവരും കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയിൽ സർക്കാറിൻറെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിന് കലക്ടർമാരെ ചുമതലപ്പെടുത്തി 2019 ജൂൺ ആറിന് റവന്യൂ പ്രിൻസുപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മറ്റ് ജില്ലകളിലും കേസ് ഫയൽ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.