സാജിത വീട്ടിലെത്തി, നാവികസേന പേരിട്ട കുഞ്ഞു സുബ്ഹാനുമായി
text_fieldsചെങ്ങമനാട്: പ്രസവ വേദനയുടെ തുടക്കത്തിൽ നാവികസേനയുടെ ഹെലികോപ്ടറിൽ നിന്നിട്ട കയറിൽ തൂങ്ങി ജീവിതത്തിലേക്ക് വലിഞ്ഞുകയറിയ സാജിത പ്രളയമൊഴിഞ്ഞ വീട്ടിലെത്തി. അതിജീവനത്തിെൻറ അപാര പാഠമായ കുഞ്ഞിന് രക്ഷകരായ നാവികസേന തന്നെ പേരുമിട്ടു-‘മുഹമ്മദ് സുബ്ഹാന്’ എന്ന്.
ചെങ്ങമനാട് കളത്തിങ്കല്‍ വീട്ടില്‍ ജബില്‍ കെ. ജലീലിെൻറ ഭാര്യ ഇരുപത്തഞ്ചുകാരി സാജിത ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുേമ്പാഴാണ് പ്രസവ വേദന തുടങ്ങിയത്. ചുറ്റും വെള്ളം നിറഞ്ഞ് ആശുപത്രിയിൽ എത്താൻ കഴിയാത്ത ഭീതിദ അവസ്ഥയിലാണ് നാവികസേന രക്ഷകരായത്. ചൊവ്വര കൊണ്ടോട്ടിയിലെ വീട് വെള്ളത്തില്‍ മുങ്ങിയതോടെ 15ന് രാത്രിയിലാണ് പൂര്‍ണഗര്‍ഭിണിയായ സാജിത കുടുംബാംഗങ്ങളോടൊപ്പം കൊണ്ടോട്ടി ജുമാമസ്ജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. 20നായിരുന്നു പ്രസവ തീയതി. 16ന് രാത്രി മുതല്‍ വേദന തുടങ്ങി. പുലര്‍ച്ചയായപ്പോഴേക്കും രൂക്ഷമായി. ജനപ്രതിനിധികളും മറ്റും നിരന്തരം ഉന്നതങ്ങളില്‍ അറിയിച്ചതോടെയാണ് രാവിലെ ഒമ്പതിന് നാവിക സേനയുടെ ഹെലികോപ്ടര്‍ പള്ളിക്ക് സമീപം എത്തിയത്. ശക്തമായ കാറ്റും തടിച്ച് കൂടിയ ജനം സാജിതയെ ഹെലികോപ്ടറില്‍ കയറ്റാന്‍ നടത്തിയ ശ്രമവും ദുരിത നിമിഷങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു.
ഹെലികോപ്ടറില്‍ നിന്നിറങ്ങിയ ഗൈനക്കോളജി വിഭാഗം ഡോ. മഹേഷും കമാന്‍ഡൻറ് ഓഫിസര്‍ വിജയ വര്‍മയും ഹെലികോപ്ടറില്‍ കയറാന്‍ സാജിതക്ക് ആത്മധൈര്യം പകര്‍ന്നു. ശേഷം ദേഹത്ത് ബെല്‍റ്റ് ഘടിപ്പിച്ചു. നിമിഷങ്ങള്‍ക്കകം സാജിതയെ ഹെലികോപ്ടറിലേക്ക് പൊക്കിയെടുത്തു. 9.20ഓടെ നേവിയുടെ സഞ്ജീവിനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ഉച്ചക്ക് 2.12ഓടെ 2.63 കിലോയുള്ള ആണ്‍കുഞ്ഞിന് സാജിത ജന്മം നല്കി. സുഖപ്രസവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.