വളർത്തുമത്സ്യങ്ങളെ നീർനായ്ക്കൾ തിന്നുതീർത്തു; കണ്ണീരോടെ കർഷകൻ
text_fieldsകോട്ടയം: അയ്മനത്ത് കർഷകന്റെ വളർത്തുമത്സ്യങ്ങളെ നീർനായ്ക്കൂട്ടം തിന്നുതീർത്തു. 500 കിലോ വരാലിനെയാണ് കർഷകന് രണ്ടുതവണയായി നഷ്ടമായത്. ഒന്നാം വാർഡിലെ കരീമഠം പുഷ്പതടത്തിൽ സജിമോൻ വിളവെടുത്ത മത്സ്യങ്ങളെയാണ് നീർനായ്ക്കൾ തിന്നത്.
12 വർഷമായി മത്സ്യകൃഷിയും അനുബന്ധമായി താറാവുകൃഷിയും നടത്തിയാണ് ഉപജീവനം നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് കുളം വറ്റിച്ച് മത്സ്യം വിളവെടുത്തത്. വരാലിനെ കൂടാതെ തിലോപ്പി, അനബസ് എന്നിവയുമുണ്ടായിരുന്നു. തുടർന്ന് വലയിലാക്കി വീടിനുമുന്നിലെ ആറ്റിലിട്ടു. പിറ്റേദിവസം വിൽക്കാനാണ് ഉദ്ദേശിച്ചിരുന്നത്. മുൻകാലങ്ങളിലും മത്സ്യങ്ങളെ തോട്ടിൽ വലകെട്ടിയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ, രാവിലെ നോക്കിയപ്പോൾ വല മുറിച്ചിട്ടിരിക്കുന്നു. മത്സ്യങ്ങളും ബാക്കിയില്ല. പ്രദേശത്തെ തോടുകളിൽ നീർനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടമായാണ് ഇവ എത്തുന്നത്. രണ്ടുമാസം മുമ്പ് നീർനായ്ക്കൾ കുളത്തിൽ കയറി അഞ്ചുമാസം പ്രായമായ മത്സ്യങ്ങളെ തിന്നിരുന്നു. ബാക്കിയുള്ളവയാണ് കഴിഞ്ഞ ദിവസം വിളവെടുത്തത്.
സജിമോന്റെ വീടിന്റെ മുന്നിൽ തോടും പിറകിൽ പാടവുമാണ്. നാലുവർഷം മുമ്പും നീർനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. തുടർന്ന് വീടിനുചുറ്റും ഷീറ്റിട്ട് മറച്ചിരുന്നു. ആദ്യതവണ മത്സ്യങ്ങൾ നഷ്ടമായപ്പോൾ ബാക്കിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സജിമോൻ. ഇതോടെ ഈ സീസണിലെ മത്സ്യങ്ങളെ മുഴുവൻ സജിമോന് നഷ്ടമായി. 2023ലെ അയ്മനം പഞ്ചായത്തിലെ മികച്ച മത്സ്യകർഷകനുള്ള അവാർഡ് ലഭിച്ചത് സജിമോനാണ്. ഒരു സീസണിൽ തീറ്റ ഉൾപ്പെടെ 78,000 രൂപ വരെ ചെലവുണ്ട്. ഹൈബ്രിഡ് വരാലിന്റെ തീറ്റക്ക് 20 കിലോയുടെ ചാക്കിന് 2200 രൂപയാണ് വില.
അടുത്ത കൃഷിക്കായുള്ള മത്സ്യക്കുഞ്ഞുങ്ങളെ എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് കർഷകൻ. ഒന്നാം വാർഡിലെ ഏക മത്സ്യക്കർഷകനായിട്ടും ഇതുവരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ വർഷവും അപേക്ഷ നൽകാറുണ്ടെന്നും സജിമോൻ പറയുന്നു. മീനച്ചിലാറ്റിൽ ഒരാഴ്ച മുമ്പ് നീലിമംഗലം ഭാഗത്ത് മൂന്നുപേർക്ക് നീർനായുടെ കടിയേറ്റിരുന്നു. നീർനായ്ക്കളുടെ സാന്നിധ്യം വ്യാപകമായതോടെ ആറ്റിലിറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ ഭയക്കുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.