സക്കീര്‍ ഹുസൈനെതിരെ അച്ചടക്കനടപടി: കോടിയേരിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേരും
text_fieldsകൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ വി.എ. സക്കീര്‍ ഹുസൈനെതിരായ അച്ചടക്കനടപടി ആലോചിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ യോഗം ചേരും. നവംബര്‍ നാലിനാണ് കോടിയേരി ഇനി ജില്ലയിലത്തെുന്നത്. പാര്‍ട്ടി തലത്തില്‍ സമാന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ ഈ വിഷയം വിശദീകരിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ എം.സി. ജോസഫൈന്‍, സി.എം. ദിനേശ്മണി എന്നിവരും സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്ന കെ. ചന്ദ്രന്‍ പിള്ള, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, എസ്. ശര്‍മ തുടങ്ങിയവരും പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ വിഷയം മറ്റൊരു ദിവസം ചര്‍ച്ചചെയ്യാമെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.
ഒന്നരവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതിലടക്കം പല കാര്യങ്ങളിലും ദുരൂഹതയുള്ളതായും പങ്കെടുത്തവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസ്ഥാന നേതൃത്വവുമായി ആലോചിച്ചശേഷമാണ് പാര്‍ട്ടി തലത്തില്‍കൂടി അന്വേഷിച്ച് പിന്നീട് ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചത്. നവംബര്‍ നാലിന് കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനത്തിനായി മൂവാറ്റുപുഴയില്‍ എത്തുന്ന കോടിയേരിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാമെന്നും നിശ്ചയിക്കുകയായിരുന്നു.
അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം, കേസുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പിലൂടെ ഒൗദ്യോഗിക വിശദീകരണം നല്‍കാന്‍ സി.പി.എം തയാറായി. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് വിശദീകരണം. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണം. ഇതില്‍ പാര്‍ട്ടി ഒരുതരത്തിലും ഇടപെടില്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ല.ഇതുസംബന്ധിച്ച അന്വേഷണത്തിന് ശേഷം ജില്ലാ കമ്മിറ്റി വീണ്ടും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.