സക്കീറിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല; ഷീല തോമസിനെ അറസ്റ്റ് ചെയ്തേക്കും
text_fieldsകൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ആവശ്യമുണ്ടെങ്കില്‍ റിമാന്‍ഡ് കാലാവധി കഴിയും മുമ്പ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.
വ്യാഴാഴ്ച രാവിലെ എറണാകുളം സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ എത്തി രഹസ്യമായി കീഴടങ്ങിയ ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് സംബന്ധിച്ച് പൊലീസ് അപ്പോള്‍തന്നെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍െറ ഓഫിസുമായി ആശയവിനിമയം നടത്തിയിരുന്നു.
സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് മുന്‍ ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെതിരായ പരാതിയില്‍ യുവവ്യവസായി ജൂബി പൗലോസ് ബോധിപ്പിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ പാര്‍ട്ടി ഓഫിസില്‍ എത്തിച്ച് തെളിവെടുക്കേണ്ടിവരുമെന്ന പ്രതിസന്ധിയും പൊലീസിനുണ്ട്.
മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രദേശിക ഓഫിസില്‍നിന്ന് തെളിവെടുക്കേണ്ടിവരുന്ന സാഹചര്യവും പ്രതി സ്ഥിരമായി തങ്ങാറുള്ള ഓഫിസില്‍ എത്തിച്ച് തെളിവെടുക്കുന്നതിലെ അനൗചിത്യവും പൊലീസ് പരിഗണിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ സക്കീറിനെതിരെ നിര്‍ണായകമായേക്കാവുന്ന ചില തെളിവുകള്‍ പൊലീസ് ഇതിനകം ശേഖരിച്ചതായാണ് വിവരം.
കേസില്‍ നാലാം പ്രതിയായ ഷീല തോമസിന്‍െറ കാക്കനാട് കങ്ങരപ്പടിയിലെ പ്ളാന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന പരാതിക്കാരന്‍െറ ഓഫിസ് തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് നിര്‍ണായക തെളിവ് പൊലീസിന് ലഭിച്ചതായി സൂചനയുള്ളത്. മാപ്പുസാക്ഷിയടക്കമുള്ള തെളിവുകളുടെ സാധ്യതയും തേടുന്നുണ്ട്. ചോദ്യംചെയ്യലിന് ഷീല തോമസ് ഹാജരാകണമെന്ന പൊലീസിന്‍െറ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.