സക്കീനയുടേത് രണ്ടാം ജന്മം
text_fieldsവൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുണ്ടൈക്കയിലെ കാക്കത്തോട് സക്കീന(48)ക്കിത് രണ്ടാം ജന്മം. ഉരുൾപൊട്ടലിൽ തകർന്ന വീടിനുള്ളിൽനിന്നും സക്കീന രക്ഷപ്പെട്ടത് തലനാരിഴക്ക്. മുണ്ടക്കൈ പള്ളിയുടെ അടുത്തെ രണ്ടുനില വീട്ടിൽ സക്കീന താഴത്തെ നിലയിലും മകൻ നിയാസ് മുകളിലത്തെ നിലയിലുമായിരുന്നു കിടന്നത്. രാത്രി ഏകദേശം ഒരു മണികഴിഞ്ഞ സമയത്ത് മുണ്ടക്കൈയിലെ തന്നെ താമസക്കാരിയായ കൂട്ടുകാരി കനത്ത മഴയെക്കുറിച്ചും അപകടസാധ്യതയെ കുറിച്ചും ഫോണിൽ സംസാരിച്ചിരുന്നു.
തുടർന്ന് ഉറങ്ങാതെ കിടന്ന സക്കീന കാണുന്നത് വീട് ചരിഞ്ഞു വീഴുന്നതാണ്. മേൽക്കൂരയും മറ്റും തകർന്നു തന്റെ ശരീരത്തിലേക്ക് വീണതും സക്കീന അറിഞ്ഞു. എങ്ങനെയൊക്കെയോ സിമന്റ് കട്ടകളും കമ്പികളും നീക്കി ഇഴഞ്ഞു പുറത്തേക്കു വരുമ്പോഴേക്കും മുകളിലത്തെ നിലയിലായിരുന്ന നിയാസ് ചാടിയിറങ്ങി സക്കീനയെ രക്ഷിച്ചെടുക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പരിക്കുപറ്റിയെങ്കിലും കാലിനാണ് കാര്യമായി പരിക്കേറ്റത്. പുറത്തെത്തിയ ഇരുവരെയും അയൽവാസിയായ സന്തോഷും ഭാര്യ ഇന്ദിരയും ചേർന്ന് അവരുടെ വീട്ടിലെത്തിച്ചു. ഏതാനും നിമിഷങ്ങൾക്കകം തന്നെ വീടിന്റെ മുക്കാൽ ഭാഗവും മണ്ണിനടിയിലേക്ക് താഴ്ന്നു. പിറ്റേന്ന് വൈകീട്ട് ആറുമണിയോടെയാണ് സക്കീനയുടെ ബന്ധുക്കൾ മുണ്ടക്കൈയിൽ എത്തി വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്. കാലിന്റെ എല്ലിന് പൊട്ടലുണ്ട്. ഖത്തറിലായായിരുന്ന ഭർത്താവ് ഷൗക്കത്ത് വിവരമറിഞ്ഞു നാട്ടിലെത്തിയിട്ടുണ്ട്. മക്കളായ നൂർജഹാൻ മുണ്ടേരിയിലും നുബിന റിപ്പണിലും കുടുംബസമേതം താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.