പോളിങ് ബൂത്തില്‍ വീല്‍ചെയര്‍ ഉറപ്പാക്കാൻ 'സക്ഷം' ആപ്പ്
text_fieldsപാലക്കാട്: ഭിന്നശേഷി വിഭാഗക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ടുചെയ്യാൻ ഇലക്ഷന് കമീഷന്റെ സക്ഷം ആപ്പിലൂടെ രജിസ്റ്റർ ചെയ്ത് പോളിങ് ബൂത്തില്‍ വീല്‍ചെയർ ആവശ്യപ്പെടാം.
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമിഷന് ആവിഷ്കരിച്ച മൊബൈല്‍ ആപ്പാണ് സക്ഷം-ഇസിഐ (saksham-ECI). ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡ് നമ്പര്‍ നല്കി സേവനങ്ങള്‍ ആവശ്യപ്പെടാം. പോളിങ് ബൂത്ത് കണ്ടെത്തല്‍, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, വോട്ടര്‍മാരുടെ വിവരങ്ങള്‍, വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ് ദിവസം വീല്‍ചെയർ സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, അത്യാവശ്യഘട്ടത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാൻ വാഹനസൗകര്യം ഉള്‍പ്പെടെ സക്ഷം ആപ്പിലൂടെ ഉറപ്പുവരുത്താം.
സേവനങ്ങള്‍ക്കായി മുന്‍കൂട്ടി ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരെ നോഡൽ ഓഫീസര്‍ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി സേവനങ്ങള്‍ ഉറപ്പാക്കും. ജില്ല സാമൂഹിക നീതി ഓഫീസര്‍ക്കാണ് ഭിന്നശേഷി വോട്ടര്‍മാര്‍ക്കുള്ള സേവനം ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. കാഴ്ചപരിമിതി ഉള്ളവര്‍ക്ക് വോട്ടിങ് മെഷീനില്‍ ബ്രെയിൽ ലിപി രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും.
വോട്ടെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാൻ മുഴുവന്‍ പോളിങ് ബൂത്തുകളും താഴത്തെ നിലകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് പ്രത്യേക റാമ്പും വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും. ഭിന്നശേഷി വോട്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും അവരുടെ സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.