സലാം-സമസ്ത തർക്കം: വിവാദം തണുപ്പിക്കാനുള്ള തീവ്രശ്രമത്തിൽ ലീഗ്
text_fieldsമലപ്പുറം: സി.പി.എം നേതാവ് അഡ്വ. കെ. അനിൽകുമാർ ഉയർത്തിയ തട്ടവിവാദം പാർട്ടിയെ ആദ്യം പ്രതിരോധത്തിലാക്കിയെങ്കിലും ഒടുവിൽ വെട്ടിലായത് മുസ്ലിം ലീഗായതോടെ ലീഗ് നേതൃത്വം വിവാദം തണുപ്പിക്കാനുള്ള തീവ്രശ്രമത്തിൽ. വിഷയം സമസ്ത-ലീഗ് തർക്കമായി വളർന്നതോടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ ഇടപെട്ട് വെടിനിർത്തൽ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.
ലീഗിന്റെ ഭാഗത്തുനിന്ന് ഇനി സമസ്തക്കെതിരെ പ്രസ്താവനകളുണ്ടാവില്ലെന്ന് അദ്ദേഹം സൂചന നൽകിയത് ഇതിന്റെ ഭാഗമായാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ പി.എം.എ സലാം അധിക്ഷേപിച്ചെന്ന പരാതി ശക്തമാകുകയും പാണക്കാട് സാദിഖലി തങ്ങൾ പതിവിൽനിന്ന് വ്യത്യസ്തമായുള്ള പ്രതികരണവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.
ഇതിനിടെ കോഴിക്കോട് മുക്കത്ത് നടന്ന പൊതുയോഗത്തിൽ സമസ്തക്കെതിരെ വീണ്ടും രംഗത്തെത്തിയ സലാം കഴിഞ്ഞദിവസം എസ്.കെ.എസ്.എസ്.എഫിനെ അധിക്ഷേപിക്കുംവിധം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയതും വിവാദമായി.
എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്നുപോലും ആർക്കുമറിയില്ലെന്നും കുഴപ്പമുണ്ടാവുമ്പോൾ ഒപ്പിടുമ്പോൾ മാത്രമാണ് പേരറിയുക എന്നുമായിരുന്നു പി.എം.എ സലാമിന്റെ ഒടുവിലത്തെ പരാമർശം. ഇത് എസ്.കെ.എസ്.എസ്.എഫിൽ വലിയ പ്രതിഷേധമുണ്ടാക്കി.
അവർ ലീഗിന് താക്കീതുമായി രംഗത്തെത്തിയതോടെ തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നു പറഞ്ഞ് സലാം എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ ബന്ധപ്പെട്ട് ക്ഷമാപണം നടത്തി. വിഷയം കൈവിടുമെന്നായപ്പോഴാണ് പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് പരസ്യപ്രസ്താവനക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
സലാമിന്റേത് ജനറൽ സെക്രട്ടറിക്ക് ചേരാത്ത നടപടിയായെന്നും അദ്ദേഹത്തിന്റെ ശൈലിയും വാക്പ്രയോഗങ്ങളും ശരിയല്ലെന്നും ലീഗിനുള്ളിൽതന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.