മിഷൻ വാത്സല്യ കരാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു
text_fieldsമലപ്പുറം: വനിത-ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള കരാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. ഇതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ഇത് പദ്ധതിയെ പ്രതിസന്ധിയിലേക്ക് നയിക്കും.
സംസ്ഥാനത്ത് 260 പേരുടെ ശമ്പളമാണ് 2022 സെപ്റ്റംബർ മുതൽ അധികൃതർ വെട്ടിക്കുറച്ചത്. ഇതോടെ പ്രതിസന്ധിയിലായ ജീവനക്കാർ ഏപ്രിൽ 27ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് ധർണയും നടത്തും. ഇതിലും പരിഹാരമായില്ലെങ്കിൽ മേയ് 15 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. കുട്ടികളുടെ സംരക്ഷണം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം സംസ്ഥാന വനിത-ശിശുവികസന വകുപ്പ് വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മിഷൻ വാത്സല്യ.
മുമ്പ് ഇൻറഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം (ഐ.സി.പി.എസ്) എന്ന പേരിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. 2014 മുതലാണ് സ്‌കീമിന്റെ പ്രവർത്തനം വനിത-ശിശുവികസന വകുപ്പിന്റെ കീഴിലാണ് തുടങ്ങുന്നത്. ബാലനീതി നിയമത്തിൽ പരാമർശിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നത് മിഷൻ വാത്സല്യയിൽ പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, സി.ഡബ്ല്യൂ.സി, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചിൽഡ്രൻസ് ഹോം ജീവനക്കാർ മുഖേനെയാണ്.
ശമ്പളം വെട്ടിക്കുറച്ചതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ വിദഗ്ധ പരിശീലനം ലഭിച്ച 40 ജീവനക്കാർ കഴിഞ്ഞ ആറുമാസത്തിനിടെ പദ്ധതിയിൽനിന്ന് രാജിവെച്ചു. ഈ കൊഴിഞ്ഞുപോക്ക് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള അഭ്യർഥന ജീവനക്കാർ സർക്കാറിന് മുന്നിൽ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ചിലരുടെ കരാർ പുതുക്കി നൽകുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.