മാസം തീരുംമുമ്പ് ശമ്പളം; ട്രഷറികളിൽ ചട്ടവിരുദ്ധ ബിൽ പാസാക്കൽ വ്യാപകം
text_fieldsതിരുവനന്തപുരം: മാസം പൂർത്തിയാകുംമുമ്പ് ജീവനക്കാരുടെ ശമ്പള ബില്ലുകൾ പാസാക്കി അക്കൗണ്ടിൽ നൽകുന്നത് ട്രഷറികളിൽ വ്യാപകമെന്ന് കണ്ടെത്തൽ. ചട്ടവിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാറിനുണ്ടാകുന്നത് വൻ സാമ്പത്തികനഷ്ടം. സെക്രട്ടേറിയറ്റ് സബ്ട്രഷറിയിൽ ശമ്പളം മുൻകൂർ ക്രെഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിൽ ചട്ടവിരുദ്ധമായി ബിൽ പാസാക്കുന്ന ട്രഷറി ഓഫിസർമാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രഷറി ഡയറക്ടർ സർക്കുലറിറക്കി. മാസത്തിൽ ഒന്നിലേറെ തവണ ശമ്പളം കിട്ടുന്ന തരത്തിൽ ട്രഷറി സംവിധാനത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ധനമന്ത്രിയും നിർദേശം നൽകിയിരുന്നു.
മാസം പൂർത്തിയാകുന്ന മുറക്ക് മാത്രമാണ് ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയെന്ന് കേരള ഫിനാൻഷ്യൽ കോഡിൽ പറയുന്നുണ്ട്. നിശ്ചിത മാസത്തെ ശമ്പളം തൊട്ടടുത്ത മാസത്തെ പ്രവൃത്തിദിവസങ്ങളിൽ മാത്രമേ വിതരണം ചെയ്യാവൂവെന്നും ആദ്യ മൂന്ന് പ്രവർത്തി ദിവസങ്ങളിൽ ഏതൊക്കെ വകുപ്പുകളുടെ ശമ്പളം വിതരണം ചെയ്യണമെന്നത് സംബന്ധിച്ചും നിഷ്കർഷകളുണ്ട്. ഇത് മറികടന്നാണ് പല ട്രഷറികളിലും മുൻകൂറായി ശമ്പള ബിൽ പാസാക്കി പണം ക്രെഡിറ്റ് ചെയ്യുന്നത്.
സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലേത് ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ കഴക്കൂട്ടം, പാറശ്ശാല സബ് ട്രഷറികളിൽ ഏതാനും ഓഫിസുകളിൽനിന്ന് സമർപ്പിച്ച സെപ്റ്റംബറിലെ ബില്ലുകൾ സെപ്റ്റംബർ 23, 26 തീയതികളിൽ പാസാക്കുകയും പണം ക്രെഡിറ്റ് ചെയ്തുനൽകുകയും ചെയ്തതായി കണ്ടെത്തി. തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധനക്ക് നിർദേശം നൽകിയത്. സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെ വീഴ്ചക്ക് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
അതേസമയം ട്രഷറി സംവിധാനം സുരക്ഷിതമാക്കാൻ ഊർജിത നടപടി സ്വീകരിക്കുന്നെന്ന് സർക്കാർ പറയുമ്പോഴും പിഴവുകൾ തലവേദയാവുകയാണ്. 2020ൽ വഞ്ചിയൂർ ട്രഷറിയിൽനിന്ന് വിരമിച്ച ജീവനക്കാരന്റെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് 2.5 കോടി രൂപ തട്ടിയ സംഭവത്തിന് പിന്നാലെ ട്രഷറികളിൽ സുരക്ഷ ഓഡിറ്റ് നടത്തുകയും ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, അതിന് ശേഷവും ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകൾ ട്രഷറികളിൽനിന്ന് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.