സാലറി ചലഞ്ചിന് സമ്മിശ്ര പ്രതികരണം
text_fieldsതിരുവനന്തപുരം: സാലറി ചലഞ്ചിൽ സർക്കാർ നിശ്ചയിച്ച സമയം കഴിഞ്ഞപ്പോൾ വിവിധ ജില്ലകളിൽ സമ്മിശ്ര പ്രതികരണം. കോഴിക്കോട് 80 ശതമാനത്തിലധികം സർക്കാർ ജീവനക്കാരാണ് ചലഞ്ച് ഏറ്റെടുത്തത്. പ്രതിപക്ഷ സംഘടനകളിൽ ചിലത് സർക്കാർ നിർദേശം അവഗണിച്ചപ്പോൾ ഭരണപക്ഷ സർവിസ് സംഘടനകൾ ചലഞ്ചിനെ കാമ്പയിനായി ഏറ്റെടുത്തതാണ് നേട്ടമായത്. കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും 20 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമാണ് വിയോജനക്കുറിപ്പ് നൽകിയതെന്നും ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു.
മലപ്പുറത്ത് സിവിൽ സ്റ്റേഷനിലെ എട്ടിലധികം ഒാഫിസുകളിലെ ജീവനക്കാർ പൂർണമായും സാലറി ചലഞ്ചിൽ പങ്കാളികളായി. ജില്ല ട്രഷറിയിലെ 55 ജീവനക്കാരിൽ രണ്ടുപേർ നോ പറഞ്ഞപ്പോൾ കലക്ടറേറ്റിലെ 60 ശതമാനത്തോളം േപർ ശമ്പളം നൽകാൻ വിസമ്മതിച്ചു. സർക്കാർ സ്കൂളുകളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും അനുകൂലമായി പ്രതികരിച്ചപ്പോൾ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരിൽ വലിയൊരു വിഭാഗം വിസമ്മതമറിയിച്ചു.
കാസര്‍കോട് കലക്ടറേറ്റിലെ റവന്യൂ വിഭാഗത്തിലെ 171 ജീവനക്കാരില്‍ 90 പേർ ഒരുമാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു.
ജില്ല പൊലീസ് ഒാഫിസിൽ 62ൽ 56 പേരും ഒരുമാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് വിസമ്മതപത്രം നൽകിയത് 15 ശതമാനം പേർ. മിക്ക വകുപ്പുകളിലും ഭൂരിഭാഗം ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കാളികളായെന്നാണ് സൂചന. 357 സർക്കാർ ഓഫിസുകളിലെ മുഴുവൻ ജീവനക്കാരും സംഘടനഭേദെമന്യേ പങ്കാളികളായി.
ഭൂരിപക്ഷ പിന്തുണ –സർക്കാർ; വിസമ്മതം 60 ശതമാനം –പ്രതിപക്ഷം
വിസമ്മതപത്രം സമർപ്പിക്കാനുള്ള സമയം തീർന്നു
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി ജീവനക്കാരുടെ ശമ്പളം ആവശ്യപ്പെട്ട സാലറി ചലഞ്ചിൽ വിസമ്മതപത്രം സമർപ്പിക്കാനുള്ള സമയം പൂർത്തിയാകുേമ്പാൾ യജ്ഞം വിജയമെന്നും ഭൂരിപക്ഷം ജീവനക്കാരും പങ്കാളികളായെന്നും സർക്കാർ. കൃത്യമായ കണക്കുകൾ രണ്ടുദിവസത്തിനകം ലഭിക്കുമെന്നും ഭൂരിപക്ഷം ജീവനക്കാരുടെയും പിന്തുണ ലഭിച്ചെന്നും മന്ത്രി തോമസ് െഎസക് പറഞ്ഞു.
അതേസമയം 60 ശതമാനം ജീവനക്കാരും വിസമ്മതപത്രം നല്‍കിയതായി പ്രതിപക്ഷ അധ്യാപക -സര്‍വിസ് സംഘടനകൾ അവകാശെപ്പട്ടു. വിസമ്മതപത്രം സമർപ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയായിരുന്നു. എയിഡഡ് മേഖലയിലെ അധ്യാപകരിൽ നല്ലൊരു ശതമാനം വിട്ടുനിന്നെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ധനമന്ത്രിയും സ്ഥിരീകരിക്കുന്നു. അതേസമയം സെക്രേട്ടറിയറ്റിൽ വിവിധ വകുപ്പുകളിൽ ആകെയുള്ള 4525 ജീവനക്കാരില്‍ 698 പേര് മാത്രമാണ് വിസമ്മതപത്രം നൽകിയത്. പ്രാഥമിക കണക്കുകൾ പ്രകാരം സാലറി ചലഞ്ചിലൂടെ 2100 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് ധനവകുപ്പിെൻറ വിലയിരുത്തൽ.
വിസമ്മതപത്രം നല്കാത്തവരുടെ ശമ്പളം അടുത്തമാസം മുതല്‍ പത്ത് ഗഡുക്കളായി പിടിക്കും. ഓരോ ഓഫിസും കേന്ദ്രീകരിച്ചായിരുന്നു വിസമ്മതപത്രം സ്വീകരിച്ചത്. സ്കൂളുകൾക്ക് ശനിയാഴ്ച അവധിയായതിനാൽ പല ജില്ലയിലും നിന്നുള്ള റിപ്പോർട്ടുകൾ പൂർണമായും തലസ്ഥാനത്തെത്തിയിട്ടില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരുമാസത്തെ വേതനത്തിലൂടെ 3800 കോടിയാണ് സർക്കാർ ലക്ഷ്യമിട്ടത്.
പദ്ധതിയുടെ ഭാഗമായവരുടെയോ വിട്ടുനിന്നവരുടെയോ പട്ടിക പുറത്തുവിടില്ലെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ സംഘടനകള്‍ വിട്ടുന്നവരുടെ പ്രാഥമിക എണ്ണമെടുത്താണ് സാലറി ചലഞ്ച് പരാജയപ്പെെട്ടന്ന് അവകാശപ്പെടുന്നത്. ദുരിതാശ്വാസത്തിനായുള്ള സഹായസമാഹരണ യജ്ഞമായ സാലറി ചലഞ്ചിൽ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിയും വ്യവസ്ഥകൾ വ്യക്തമാക്കിയും സെപ്റ്റംബർ 11നാണ് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് 4.8 ലക്ഷം സർക്കാർ ജീവനക്കാരും 1.35 ലക്ഷം ഇതര ജീവനക്കാരും 4.35 ലക്ഷം പെൻഷൻകാരുമാണുള്ളത്. ഇതിൽ സർക്കാർ ജീവനക്കാരിൽ 70 ശതമാനം പേർ സാലറി ചലഞ്ചിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. 4.80 ലക്ഷം ജീവനക്കാരിൽ 1.08 ലക്ഷം എയ്ഡഡ് സ്കൂൾ അധ്യാപകരാണ്. ഇവരിൽ 60 ശതമാനം പേരും സാലറി ചലഞ്ചിൽനിന്ന് വിട്ടുനിന്നു. 3.7 ലക്ഷം ജീവനക്കാരിൽ മൂന്ന് ലക്ഷവും സാലറി ചലഞ്ചിന് അനുകൂലമായിരുന്നു.
സർക്കാർ സ്പാർക്കിലൂടെയല്ലാതെ ശമ്പളം നൽകുന്ന 1.35 ലക്ഷം പേരുടെ റിപ്പോർട്ട് ഇനിയും വന്നിട്ടില്ല. ജീവനക്കാരിൽനിന്ന് 1800 കോടിയും പെൻഷൻകാരിൽനിന്ന് 300 കോടിയുടെയും വരുമാനമാണ് ഇതുവരെ ഉറപ്പായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.