സാലറി ചലഞ്ചിന് ‘നോ’; ജീവനക്കാരന്റെ സ്ഥലംമാറ്റം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: വീട്ടിലെ പരാധീനത മൂലം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിയില്ലെന്ന് വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശമിട്ട സെക്രേട്ടറിയറ്റിലെ ഭരണപക്ഷാനുകൂലിയായ ധനവകുപ്പ് ജീവനക്കാരന് സ്ഥലംമാറ്റം പിൻവലിച്ചു. സംഭവം വിവാദമായപ്പോൾ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി ഇടപെട്ട് പിൻവലിക്കുകയായിരുന്നു.
സി.പി.എം അനുകൂല സർവിസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും സെക്ഷൻ ഒാഫിസറുമായ കെ.എസ്. അനിൽരാജിനെയാണ് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥർ മന്ത്രിയുടെയോ മന്ത്രി ഒാഫിസിെൻറയോ അറിവില്ലാതെയാണ് ഉത്തരവിറക്കിയതെന്ന്, നടപടി പിൻവലിച്ച് ധനകാര്യവകുപ്പ് വിശദീകരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സാലറി ചലഞ്ചി’ലേക്ക് തെൻറ ശമ്പളം നൽകാനാകില്ലെന്നും പകരം സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും ധനവകുപ്പ് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് അനിൽ രാജ് അറിയിച്ചത്. ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടറേറ്റിലെ പെൻഷൻ വിഭാഗത്തിലേക്കായിരുന്നു മാറ്റം.
കഴിഞ്ഞദിവസം രാവിലെയാണ് ‘ഫിനാൻസ് ഫ്രണ്ട്സ്’ എന്ന ഗ്രൂപ്പിൽ അനിൽരാജ് സന്ദേശം പോസ്റ്റ് ചെയ്തത്. ‘മാസശമ്പള ചലഞ്ചിന് പിന്തുണ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരെ പുച്ഛിക്കരുത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്’ എന്നായിരുന്നു സന്ദേശം. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളെത്തി.
സംഗതി കൈവിെട്ടന്ന് മനസ്സിലാക്കിയ അനിൽരാജ് നിസ്സഹായത വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. അതും പാളുകയായിരുന്നു. അനിൽരാജ് ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയിരുന്നു. അതിനുപുറമെ ദുരിതാശ്വാസസഹായകേന്ദ്രങ്ങളിൽ മക്കൾക്കൊപ്പം എത്തി സജീവമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.