കെ.എസ്.ആർ.ടി.സിയിലെ സാലറി ചലഞ്ച്; ഉത്തരവിന് പിന്നാലെ അഡ്മിൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറെ മാറ്റി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വിവാദ സാലറി ചലഞ്ച് ഉത്തരവിന് പിന്നാലെ അഡ്മിൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ മാറ്റി. ഓപറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാറിന് അഡ്മിൻ ചുമതല കൂടി നൽകി സി.എം.ഡി പ്രമോജ് ശങ്കർ ഉത്തരവിറക്കി. ഷറഫ് മുഹമ്മദിന് പകരം ചുമതല നൽകിയിട്ടുമില്ല. മാറ്റത്തിന് കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ഒറ്റ ഗഡുവായി ശമ്പളം നൽകിയതിന് തൊട്ടുടനെ അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാവശ്യപ്പെട്ട് സർക്കുലിറക്കിയത് കെ.എസ്.ആർ.ടി.സിയിയിൽ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. തീരുമാനം വിവാദമായതോടെ മന്ത്രി ഗണേഷ്കുമാർ ഇടപെട്ട് ഉത്തരവ് പിൻവിലിപ്പിച്ചു. ഉത്തരവിറക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സി.എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി തലത്തിൽ പുനഃക്രമീകരണം.
സർക്കാർ നിർദേശത്തിന് വിധേയമായി മറ്റ് സ്ഥാപനങ്ങളിൽ ശമ്പളം വിതരണം നടക്കുന്ന സമയത്താണ് സാലറി ചലഞ്ച് സർക്കുലറുകളുണ്ടായത്. സമാനരീതിയിൽ ശമ്പളം കൊടുത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയിലും സർക്കുലറിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.