ശമ്പള വിതരണത്തിന് ഇനി ദിവസങ്ങള്‍ മാത്രം; വ്യക്തതയില്ലാതെ സര്‍ക്കാര്‍
text_fieldsകോട്ടയം: ശമ്പള വിതരണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നോട്ട് പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയില്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും ഒന്നിച്ചു കിട്ടുന്നില്ളെങ്കില്‍ ഡിസംബറില്‍ ഉണ്ടായേക്കാവുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് വ്യക്തത വരുത്താനാവാതെ അവസ്ഥയിലാണ് സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനപങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും.
സഹകരണ ബാങ്കുകളുടെ നിശ്ചലാവസ്ഥയില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണവും സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പ്രശ്നവും സര്‍ക്കാറിനെ ശരിക്കും വലക്കുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയാലുണ്ടാവുന്ന പ്രതിഷേധം ധനവകുപ്പും തള്ളുന്നില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും ഈമാസം മുടങ്ങുമെന്ന് മാനേജ്മെന്‍റ് മുന്‍കൂട്ടി ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു. നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി ദിനേന വരുമാനത്തില്‍ ഒരുകോടിയോളം രൂപയുടെ കുറവുണ്ടായതാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധിക്ക് കാരണം. 6.50 കോടി ദിനേന വരുമാനം കിട്ടിയിരുന്നത് 5.50 കോടിയായി കുറഞ്ഞിട്ടുണ്ട്. ശമ്പളവും പെന്‍ഷനുമായി 110 കോടിയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. ശമ്പളം മുടങ്ങിയാല്‍ ശബരിമല സര്‍വിസുകള്‍പോലും നിര്‍ത്തിവെക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.
കെ.എസ്.ആര്‍.ടി.സിക്ക് വായ്പ കിട്ടാനുള്ള സാധ്യതകളും ഇപ്പോഴത്തെ അവസ്ഥയില്‍ ഇല്ല. എണ്ണക്കമ്പനികളുടെ കുടിശ്ശിക പരിധിവിട്ടത് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനത്തിനുപോലും ഭീഷണിയാവുന്നു. ഏത് സമയവും എണ്ണവിതരണം നിര്‍ത്തുമെന്ന മുന്നറിയിപ്പും കമ്പനികള്‍ നല്‍കിയിട്ടുണ്ട്.
ശമ്പളത്തിനും പെന്‍ഷനുമായി 3100 കോടിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. സംസ്ഥാനത്തെ ആറുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടത്. ഇതില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടില്ല. ഇതുമാത്രം രണ്ടരലക്ഷത്തിനടത്തുവരും.
സര്‍ക്കാര്‍-പൊതുമേഖല ജീവനക്കാരില്‍ അഞ്ചരലക്ഷം പേര്‍ ബാങ്ക് മുഖേനയും നാലുലക്ഷം പേര്‍ ട്രഷറിയിലൂടെയും ശമ്പളവും പെന്‍ഷനും വാങ്ങുന്നുണ്ട്. മറ്റ് വിഭാഗങ്ങളിലായി അറുപതിനായിരത്തോളം പേര്‍ നേരിട്ടും ശമ്പളം കൈപ്പറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.