കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം നാളെ മുതൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തിങ്കളാഴ്ച മുതൽ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ്. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ധനവകുപ്പിൽ നിന്ന് 30 കോടി രൂപ അനുവദിച്ചെങ്കിലും അവധി ദിവസങ്ങളായതിനാൽ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്ക് പണമെത്താത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. കെ.എസ്.ആർ.ടി.സിയിൽ ഈസ്റ്ററിന് മുമ്പ് മാർച്ചിലെ ശമ്പളം വിതരണം ചെയ്യാനുള്ള നീക്കവും പാളിയിരുന്നു. ഈസ്റ്ററിന് മുമ്പുള്ള പ്രവൃത്തി ദിവസമായിരുന്നു ശനിയാഴ്ച. 30 കോടി ഉപയോഗിച്ച് ശമ്പളത്തിന്‍റെ ഒരു വിഹിതമെങ്കിലും നൽകാനായിരുന്നു നീക്കം. 72 കോടി വേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചത്. ബാക്കി തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താനാണ് മാനേജ്മെന്‍റ് നീക്കം. ഓവർ ഡ്രാഫ്റ്റ് നടപടികൾ പൂർത്തിയാക്കാൻ സമയമെടുത്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞമാസം എടുത്ത ഒ.ഡി തിരിച്ചടവ് ഇതുവരെ പൂർത്തിയായിട്ടില്ല. ആഘോഷവേളകളിലടക്കം ജീവനക്കാർ വറുതിയിലായ സാഹചര്യമാണ് കെ.എസ്.ആർ.ടി.സിയിൽ. പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ഗതാഗത വകുപ്പ് കാര്യമായ ഇടപെടലിന് തയാറാകുന്നില്ലെന്ന വിമർശനവും ശക്തമാണ്.
അതേസമയം ജീവനക്കാരുടെ സമരവും ശമ്പള പ്രതിസന്ധിയുമെല്ലാം മാനേജ്മെന്‍റ് തലത്തിൽ പരിഹരിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. ശമ്പളം നൽകാൻ വീണ്ടും സർക്കാർ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 42 കോടികൂടി ഉടൻ ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നൽകാനാണ് നീക്കം.
30 കോടി അനുവദിച്ച ഘട്ടത്തിൽ അധിക തുക നൽകാനാകില്ലെന്നും തനത് ഫണ്ടിൽനിന്ന് സ്വയം കണ്ടെത്തണമെന്നുമാണ് ധനവകുപ്പ് നിലപാട്. സര്‍ക്കാര്‍ ധനസഹായത്തിലാണ് രണ്ടുവര്‍ഷത്തിലേറെയായി കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കുന്നത്.
ശമ്പള മുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണ പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുകയാണ്. 28ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നിവര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും സമരത്തിന് ആഹ്വാനം ചെയ്തു. ഡ്യൂട്ടി ബഹിഷ്‌കരിക്കാനും ശമ്പള മുടക്കം തുടര്‍ന്നാല്‍ സമരം ചെയ്യാനുമായിരുന്നു എ.ഐ.ടി.യു.സി തീരുമാനം. ഏപ്രിൽ 14 നും ശമ്പളം നൽകാത്ത സാഹചര്യത്തിലാണ് 28ന് 24 മണിക്കൂർ പണിമുടക്കാൻ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.