ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ മന്ത്രി ഒറ്റപ്പെടും -എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: ശമ്പളവിതരണ കാര്യത്തിൽ ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത പരിഹാസവുമായി വീണ്ടും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബാലൻ. ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ മന്ത്രി ഒറ്റപ്പെട്ടും. ഏതു മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെന്റിന്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനംപോലും നടപ്പാക്കുന്നില്ലെന്നും എ.കെ. ബാലൻ പറഞ്ഞു. ജീവനക്കാരെ സി.ഐ.ടി.യുവിനും സർക്കാറിനും എതിരാക്കുകയെന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് എ.കെ. ബാലൻ വീണ്ടും മന്ത്രിക്കെതിരെ എത്തിയത്. ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്നത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുത്തശേഷം യൂനിയനുകളുമായി വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം എന്ന മന്ത്രിയുടെ നിലപാട് ഇടതുസര്‍ക്കാറിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എ.കെ. ബാലന് ഫേസ്ബുക്കിൽ വിമര്‍ശിച്ചത്. അതേസമയം, ബാലന്റെ വിമര്‍ശനം കാര്യമറിയാതെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാലന്റെ സംശയം ദൂരീകരിക്കണം. താനിരിക്കുന്ന കസേരക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും ആന്റണി രാജു പറഞ്ഞു.
കത്തയക്കൽ കാമ്പയിൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പുതിയ ശമ്പളവിതരണ ഉത്തരവിനെതിരെ ജീവനക്കാരുടെ കത്തയക്കൽ കാമ്പയിന് തുടക്കമായി. 10,000 കത്തുകളാണ് തൊഴിലാളികൾ മുഖ്യമന്ത്രിക്ക് അയക്കുന്നത്. സി.എം.ഡിയെ കുറ്റപ്പെടുത്തുന്നതാണ് ഉള്ളടക്കം. എല്ലാ സംഘടനകളും എതിർപ്പ് അറിയിച്ചിട്ടും ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന ഉത്തരവ് പിൻവലിക്കാൻ മാനേജ്മെൻറ് തയാറായിട്ടില്ല. ഉത്തരവ് പിൻവലിക്കാൻ മാനേജ്മെന്റ് തയാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അടിമവേല അംഗീകരിക്കില്ല -എ.ഐ.ടി.യു.സി
തിരുവനന്തപുരം: ആഗോളവത്കരണത്തിന്റെ മറവിൽ കാലഹരണപ്പെട്ട അടിമവേല കെ.എസ്.ആർ.ടി.സിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ചെറുത്ത് തോൽപിക്കുമെന്ന് എ.ഐ.ടി.യു.സി. തൊഴിൽ ചെയ്താൽ കൂലി നൽകണമെന്ന തത്ത്വത്തെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ നിലപാടുകൾക്കും എൽ.ഡി.എഫ് നയങ്ങളെ പാടെ അട്ടിമറിക്കുന്ന മന്ത്രിക്കും തൊഴിലാളികളുടെ സമരചരിത്രത്തെക്കുറിച്ച് ബോധമുണ്ടായില്ലങ്കിൽ അതു പഠിപ്പിക്കാൻ തൊഴിലാളികൾ തയാറാകും.
എൽ.ഡി.എഫ് നയങ്ങളെ അട്ടിമറിക്കുന്ന മന്ത്രിയായാലും എം.ഡി ആയാലും തെരുവിൽ ഇറങ്ങി നടക്കാൻ തൊഴിലാളികളുടെ അനുമതി വാങ്ങേണ്ട അവസ്ഥ വരുമെന്നും എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. തൊഴിലാളികളുടെ ശമ്പളം രണ്ട് ഗഡു ആക്കുന്നതിനെതിരെയും ടാർഗറ്റ് സമ്പ്രദായത്തിനെതിരെയും എ.ഐ.ടി.യു.സി നേതൃത്വത്തിൽ തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് സോളമൻ വെട്ടുകാട് അധ്യക്ഷതവഹിച്ചു.
ആനുകൂല്യങ്ങൾ അനുവദിക്കാൻ ഇൻഷുറൻസ് വകുപ്പ് അനുമതി
തിരുവനന്തപുരം: സർക്കാറിന്റെയും ധനമന്ത്രിയുടെയും ഇടപെടൽമൂലം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ എസ്.എൽ.ഐ ആൻഡ് ജി.ഐ.എസ് ആനുകൂല്യങ്ങൾ അനുവദിക്കാൻ ഇൻഷുറൻസ് വകുപ്പ് അനുമതി. ഇതോടെ സർവിസിനിടയിൽ മരിച്ച 47 ഓളം ജീവനക്കാരുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളത്തിൽനിന്ന് ഈടാക്കിയ എസ്.എൽ.ഐ, ജി.ഐ.എസ്, എൽ.ഐ.സി, മറ്റ് നോൺ ഡിപ്പാർട്ട്മെന്റൽ റിക്കവറികൾ ഉൾപ്പെടെയുള്ളവ ഒരു വർഷത്തിനു മുകളിൽ കുടിശ്ശികയായിരുന്നു. 2022 ജനുവരിമുതൽ നവംബർവരെയുള്ള എസ്.എൽ.ഐ, ജി.ഐ.എസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപ പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകാൻ ശബരിമല സ്പെഷൽ സർവിസ് നടത്തിപ്പിൽനിന്ന് ലഭിച്ച തുക അനുവദിക്കണമെന്ന് സി.എം.ഡി അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.