സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ: റിപ്പോർട്ട് നടപ്പാക്കണമെന്ന് ഹരജി
text_fields
കൊച്ചി: സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കേരള സ്റ്റേറ്റ് യുനൈറ്റഡ് നഴ്സസ് അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്സുമാരായ സൗമ്യ ജോസ്, ജസ്നി ജോസഫ് എന്നിവരുമാണ് ഹരജി നൽകിയത്.
സ്വകാര്യ നഴ്സുമാരുടെ സേവനവുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നേരേത്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നഴ്സുമാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഉന്നതാധികാര സമിതി രൂപവത്കരിക്കാനുള്ള നിർദേശത്തോടെ ഹരജി സുപ്രീംകോടതി തീർപ്പാക്കി. സമിതി റിപ്പോർട്ട് ലഭിച്ചാൽ അതു നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. ഉന്നതാധികാര സമിതി റിപ്പോർട്ട് 2016ൽ സംസ്ഥാന സർക്കാറിന് ലഭിച്ചു. എന്നാൽ, നടപ്പാക്കിയിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
മൂന്നുവർഷം മുമ്പാണ് അവസാനമായി സേവന വേതന വ്യവസ്ഥ പരിഷ്കരിച്ചത്. ശമ്പള വർധനയടക്കം അനുവദിക്കേണ്ട സമയം അതിക്രമിച്ചതായും സമയബന്ധിതമായി നടപടി പൂർത്തിയാക്കി സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള സേവന വേതന വ്യവസ്ഥ ഉടൻ അനുവദിക്കാൻ നിർദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.