ശമ്പളപരിഷ്കരണം ത്രിശങ്കുവിൽ; നഴ്സുമാർ വീണ്ടും സമരത്തിന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍നടപടി സുപ്രീംകോടതി തടഞ്ഞതോടെ ശമ്പളപരിഷ്കരണം ത്രിശങ്കുവിലായി.
വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്ട്ടിന്മേൽ തുടർനടപടികളെടുക്കുന്നതാണ് കോടതി തടഞ്ഞത്. ഇതോടെ ശമ്പളപരിഷ്കരണത്തിൽ മാനേജ്മെൻറും സർക്കാറും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് വീണ്ടും ശക്തമായ സമരത്തിനൊരുങ്ങുകയാണ് നഴ്സുമാർ. മാനേജ്മെൻററുകൾ നിലപാട് തിരുത്തിയില്ലെങ്കിൽ നവംബർ 20 മുതൽ പണിമുടക്കി സമരം ചെയ്യാനാണ് തീരുമാനമെന്ന് നഴ്സുമാരുടെ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
നിരവധി സ്വകാര്യ ആശുപത്രികളുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മാനേജ്മെൻറുകളാണ് സർക്കാർ ഉത്തരവ് പാലിക്കാൻ കൂട്ടാക്കാത്തത്. ഈ ജില്ലകളിലായിരിക്കും സമരം ശക്തമാക്കുകയെന്നും സംഘടനകൾ അറിയിച്ചു. ശമ്പളവർധനക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മാനേജ്മെൻറുകളുടെ നിലപാട് കടുത്ത തൊഴിലാളിവിരുദ്ധതയാണ്. പുതുക്കിയ ശമ്പളപരിഷ്കരണ ഉത്തരവ് ഇറങ്ങുന്നതുവരെ നഴ്സുമാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇടക്കാല ആശ്വാസം നൽകണമെന്ന നിർദേശവും തെക്കൻ ജില്ലകളിലെ ഭൂരിഭാഗം ആശുപത്രികളും പാലിച്ചിട്ടില്ല. ഇടക്കാല ആശ്വാസം നടപ്പാക്കിയത് തൃശൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ആശുപത്രികൾ മാത്രമാണ്.
ശമ്പളവർധന ആവശ്യപ്പെട്ട് ജൂലൈ മാസത്തിൽ നഴ്സുമാർ നടത്തിയ സമരത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മിനിമം വേതനത്തിൽ ധാരണയായത്. എന്നാൽ, അതിനുശേഷം മാനേജ്മെൻറുകൾ നിലപാട് മാറ്റി. തുടർന്ന് മാനേജ്മെൻറുകളുടെ എതിർപ്പോടെ ശമ്പളപരിഷ്കരണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
മിനിമം വേതനനിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം കമ്മിറ്റിയില്‍ പകുതി അംഗങ്ങള്‍ തൊഴിലുടമകളുടെ പ്രതിനിധിരികളായിക്കണം. 27 അംഗ കമ്മിറ്റിയില്‍ ആ വിഭാഗത്തില്‍നിന്ന് ആറുപേരെ മാത്രമാണ് നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറുകളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.
അതേമസയം, മാനേജ്മെൻറിെൻറ ഹരജി നേരത്തേ ഹൈകോടതി തള്ളിയിരുന്നു. കമ്മിറ്റിയിലേക്ക് അംഗങ്ങളെ നിശ്ചയിക്കാന്‍ സര്‍ക്കാറിന് വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.