മുൻ ചീഫ് സെക്രട്ടറിയുടെ ശമ്പളം: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് റിക്രൂട്ട്മെന്റ് ബോർഡ്
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് എൻറർപ്രൈസസ് റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് പുതിയ പദവിയിൽ ലഭിക്കുന്ന ശമ്പളം മറച്ചുവെച്ച് സർക്കാരും റിക്രൂട്ട്മെന്റ് ബോർഡും. ശമ്പളം, നിയമനം സംബന്ധിച്ച ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് റിക്രൂട്ട്മെന്റ് ബോർഡിന്റെ നിലപാട്. മുൻ ചീഫ് സെക്രട്ടറിക്ക് പെൻഷൻ തുക ഒഴിവാക്കാതെ പുനർനിയമനം നൽകിയതും ഇപ്പോൾ കൈപ്പറ്റുന്ന ശമ്പളവും സംബന്ധിച്ച രേഖകൾ വിവരവകാശ നിയമപ്രകാരം നൽകണമെന്ന സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാന്റെ അപേക്ഷയാണ് നിരസിച്ചത്.
സമാനമായി സർവീസിൽ നിന്നും വിരമിച്ച ശേഷം ഇതര സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ള ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്ക് അവർ കൈപ്പറ്റുന്ന പെൻഷൻ ഒഴിവാക്കിയുള്ള ശമ്പളമാണ് അനുവദിച്ചിട്ടുള്ളതെന്ന മറുപടി നൽകിയിരിരുന്നു. അതേസമയം, വി.പി. ജോയിയുടെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ നിഷേധിച്ചു. നിയമപ്രകാരം മുഖ്യവിവരാവകാശ കമീഷണർക്ക് അപ്പീൽ നൽകുമെന്നും കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും അറിയിച്ചു.
അതേസമയം, വിരമിച്ച ശേഷം പുനർ നിയമനം നൽകിയ ഐ.എ.എസ് ഉദ്യോഗസ്ഥരായ വി. തുളസിദാസ്, എ. അലക്സാണ്ടർ, നീല ഗംഗാധരൻ, ശോഭ കോശി, പി.എച്ച്. കുര്യൻ, ഡോ. സന്തോഷ് ബാബു, ആർ. ഗിരിജ, ടി. ഭാസ്ക്കരൻ,എൻ. പദ്മകുമാർ, ഷെയ്ഖ് പരീത്, ഉഷ ടൈറ്റസ് തുടങ്ങിയവർക്ക് പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി അനുവദിച്ചതെന്ന് വിവിധ വകുപ്പുകൾ വിവരാവകാശ പ്രകാരം ഇതിനകം മറുപടി നൽകിയിരുന്നു.
സർവകലാശാല വി.സി മാർക്കും പെൻഷൻ ഒഴിവാക്കിയുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ വി.പി. ജോയിയെപ്പോലെ പെൻഷനോടൊപ്പം പുതിയ പദവിയിൽ ശമ്പളം കൈപ്പറ്റുന്ന വിരമിച്ച ഐ.എ.എസ് കാരെ സംബന്ധിച്ച രേഖകൾ ലഭ്യമാക്കിയിട്ടില്ല. റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമനം ലഭിച്ച മുൻ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ഇപ്പോൾ ആറുലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കും. പബ്ലിക് സർവീസ് കമ്മീഷന് സമാന്തര മായി പുതുതായി രൂപീകരിച്ചിട്ടുള്ള റിക്രൂട്ട്മെൻറ് ബോർഡിൻറെ പ്രവർത്തനം സുതാര്യമാകില്ലെന്നതിന് വ്യക്തമായ തെളിവാണ് വി.പി ജോയിയുടെ നിയമനം സംബന്ധിച്ച രേഖകൾ നിഷേധിച്ചുകൊണ്ടുള്ള ബോർഡിന്റെ വിവരാവ കാശ മറുപടിയെന്ന് കമ്മിറ്റി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.