മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം: വിവരങ്ങൾ തേടി ബോർഡ്
text_fieldsപയ്യന്നൂർ: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എ, ബി, സി, ഡി ക്ഷേത്രങ്ങളിലെ ശമ്പള കുടിശ്ശിക സംബന്ധിച്ച് കണക്കുകൾ ഹാജരാക്കാൻ എക്സിക്യൂട്ടിവ് ഓഫിസർമാർക്ക് നിർദേശം നൽകി. എ, ബി ഗ്രേഡ് ക്ഷേത്രങ്ങളിൽ ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് ശമ്പളം നൽകുകയാണ് പതിവ്. എന്നാൽ, കോവിഡ് കാരണം വരുമാനം നിലച്ചതോടെ ശമ്പളം നൽകാൻ സാധിക്കാതെയായി.
ഈ പ്രശ്നം പരിഹരിക്കാനാണ് ബോർഡ് കണക്കുകൾ തേടിയതെന്നറിയുന്നു.15 കോടി രൂപ സർക്കാർ നേരത്തെ ബോർഡിന് നൽകാൻ തീരുമാനിച്ചിരുന്നു.
2008 ഒക്ടോബർ ഒന്നിന് ബോർഡ് രൂപവത്കരിക്കുമ്പോൾ 1340 ക്ഷേത്രങ്ങളിലായി 5000ത്തിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 1600ലധികം ക്ഷേത്രങ്ങളും 6000ത്തിലധികം ജീവനക്കാരുമുണ്ട്. അന്നത്തെ ശമ്പളസ്കെയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതുപ്രകാരം ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ലർക്ക്, ശാന്തി എന്നിവരുടെ അടിസ്ഥാന ശമ്പളം 2200ഉം കഴക ജീവനക്കാരുടേത് 2050ഉം ആണ്. 1991ലെ ഹൈകോടതി വിധി പ്രകാരമാണ് ബോർഡ് രൂപവത്കരിച്ചത്. എന്നാൽ,ഹൈകോടതിയുടെ 13ഇന നിര്‍ദേശങ്ങളില്‍ ബോര്‍ഡ് രൂപവത്കരണം മാത്രമാണ് നടപ്പിലായതെന്ന് ജീവനക്കാർ പറയുന്നു.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ സേവന-വേതന വ്യവസ്ഥ, ആറുമാസം കൊണ്ട് കോമണ്‍ സ്കീം ഏര്‍പ്പെടുത്തുക തുടങ്ങിയവ മാറിമാറി വന്ന സർക്കാറുകൾ അവഗണിച്ചു.
അടച്ചിടൽ തുടങ്ങിയതോടെ ഏറെ പരിതാപകരമാണ് ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും സ്ഥിതി. നടവരവു നിന്നതോടെ ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളം പോലും ഇല്ലാതായി. ഭക്തരുടെ വരവ് ഇല്ലാതായതോടെ വഴിപാട് വിഹിതവും ദക്ഷിണയും ഇല്ലാതായി. ശമ്പളത്തിന് മാനേജ്മെൻറ് ഫണ്ട് കാത്തിരിക്കണം.
തുല്യജോലിക്ക് തുല്യവേതനമെന്ന ആവശ്യവുമായി മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ദേവസ്വം ബോര്‍ഡ് ഫണ്ടില്‍നിന്ന് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തു. കൂടാതെ അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ശമ്പളത്തിനാവശ്യമായ തുകയുടെ 70 ശതമാനം ബോര്‍ഡ് ഫണ്ടില്‍ നിന്നും 30 ശതമാനം ക്ഷേത്രഫണ്ടില്നിന്നും നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
തുടക്കത്തിൽ 70 ശതമാനം നൽകിയെങ്കിലും തുടർന്ന് 50 ശതമാനമായി കുറച്ചു. ഇതോടെ സി, ഡി ഗ്രേഡ് ക്ഷേത്രങ്ങൾ പ്രതിസന്ധിയിലായി. നിത്യനിദാന ചടങ്ങുകൾ കഴിഞ്ഞ് വരുമാനത്തിെൻറ 50 ശതമാനം നീക്കിവെക്കാൻ മിക്ക ക്ഷേത്രങ്ങൾക്കും സാധിക്കാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് സി, ഡി ക്ഷേത്രങ്ങൾക്കെങ്കിലും 70 ശതമാനം തുക ബോർഡ് നൽകണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.