സ്ഥാപന വിവരങ്ങൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമീഷനും മടി; വിവരാവകാശ കമീഷണർമാരുടെ ശമ്പളം മൂന്ന് ലക്ഷത്തിലേറെ
text_fieldsതൃശൂർ: പൊതു അധികാരികൾ സ്വന്തം സ്ഥാപന വിവരങ്ങൾ പ്രതിവർഷം വെളിപ്പെടുത്തണം എന്ന വിവരാവകാശ നിയമത്തിലെ സുപ്രധാന നിർദേശത്തിന് സംസ്ഥാന വിവരാവകാശ കമീഷനിൽ നിന്ന് തന്നെ അവഗണന. ഇക്കാര്യം പരാമർശിക്കുന്ന വിവരാവകാശ നിയമം സെക്ഷൻ നാല് (ഒന്ന്) ബി പ്രകാരം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ച അപേക്ഷാർഥിക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയില്ല.
പകരം മേൽ സെക്ഷൻ സംബന്ധിച്ച നിയമത്തിലെ പകർപ്പ് അയച്ചുകൊടുക്കുകയായിരുന്നു. കുറ്റിപ്പുറം ലോ കോളജിലെ നിയമ വിദ്യാർഥി വി. മുഹമ്മദ് സുഹൈലിന്‍റെ വിവരാവകാശ മറുപടിയിലാണ് സംസ്ഥാന വിവരാവകാശ കമീഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. സെക്ഷൻ നാല് പ്രകാരം ഇന്ത്യയിലെ സർക്കാർ ഓഫിസുകളിലെ പൊതു അധികാരി ; സ്ഥാപനത്തിന്‍റെ ചുമതല, ജീവനക്കാരുടെ എണ്ണം, ബജറ്റ് ഫണ്ട്,പദ്ധതികൾ, വരുമാനം, ചെലവ് തുടങ്ങിയ വിവരങ്ങൾ സ്വയം പരസ്യപ്പെടുത്തേണ്ടതുണ്ട്. സർക്കാർ വകുപ്പുകൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വിമുഖത കാണിക്കുന്നെന്ന പരാതി വ്യാപകമാണ്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ്സു് നടന്നു വരുന്നു'ഈ സാഹചര്യത്തിലാണ് വിവരാവകാശ കമീഷനിൽ ഈ നിയമം പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നത്.
മുഖ്യ വിവരാവകാശ കമീഷർ ഡോ. ബിശ്വാസ് മേത്തയുടെ ശമ്പളം 1.878 ലക്ഷം രൂപയാണെങ്കിലും മറ്റ് അലവൻസുകളടക്കം 2.13 ലക്ഷം രൂപയാണ് കൈപ്പറ്റുന്നതെന്ന് വിവരാവകാശ രേഖയിലുണ്ട്. ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടനെയായിരുന്നു ബിശ്വാസ് മേത്തയുടെ നിയമനം. വിവരാവകാശ കമീഷണറായ ഡോ. കെ.എൽ. വിവേകാനന്ദൻ ശമ്പളവും മറ്റ് അലവൻസുകളടക്കം മൂന്നുലക്ഷം രൂപയാണ് പ്രതിമാസം വാങ്ങുന്നത്. മറ്റൊരു വിവരാവകാശ കമീഷണറായ കെ.വി സുധാകരന്‍റെ ശമ്പളം തന്നെ 335250 രൂപയുണ്ട്.മറ്റ് അലവൻസുകളടക്കം മൂന്നര ലക്ഷം രൂപയാണ് ഇദ്ദേഹം കൈപ്പറ്റുന്നത്. വിവരാവകാശ കമീഷണർമാരായ പി.ആർ. ശ്രീലത 271715 രുപയും, അഡ്വ. എച്ച്. രാജീവൻ -335250 രൂപയും പ്രതിമാസംകൈപ്പറ്റുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.