സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലിയെന്ന് ശമ്പള പരിഷ്കരണ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശമ്പള പരിഷ്കരണ കമീഷൻ ശിപാർശ. പെൻഷൻ പ്രായം 56ൽ നിന്ന് 57 വയസായി ഉയർത്തണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിക്ക് ഇന്നലെ സമർപ്പിച്ച ശമ്പള പരിഷ്കരണ കമീഷന്‍റെ രണ്ടാമത്തേതും അവസാനത്തെയുമായ റിപ്പോർട്ടിലാണ് ശിപാർശകൾ ഉള്ളത്.
അവധി ദിവസങ്ങൾ വർഷത്തിൽ 12 ദിവസമാക്കണം. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി ജോലി സമയം രാവിലെ 9.30 മുതൽ 5.30 മണി വരെ ക്രമീകരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നുണ്ട്.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കാവൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ ഓരോ വകുപ്പും കണ്ടെത്തണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.
സർവീസിലിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പെൻഷൻ നൽകണം. പട്ടിക വിഭാഗങ്ങൾക്കും ഒ.ബി.സി വിഭാഗങ്ങൾക്കും മാറ്റിവെച്ചിട്ടുള്ള സംവരണത്തിന്‍റെ 20 ശതമാനം, ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക് നൽകണം.
പി.എസ്.സി റിക്രൂട്ട്മെന്‍റ് കാര്യക്ഷമമാക്കുക. വേഗത്തിൽ റിക്രൂട്ട്മെന്‍റ് നടപടികൾ പൂർത്തിയാക്കുക. ചെലവ് കുറക്കുന്നതിനായി പി.എസ്.സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുക്കുക.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. കൂടാതെ, വിദ്യാഭ്യാസ വകുപ്പിന്‍റെയും സ്കൂളിന്‍റെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കണം. ബോർഡിൽ മാനേജ് മെന്‍റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ വേണം.
നിയമന അഭിമുഖത്തിന്‍റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈകോടതി അല്ലെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസിനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ശമ്പള പരിഷ്കരണ കമീഷൻ ശിപാർശ ചെയ്യുന്നു.
ഭരണരംഗത്ത് കാര്യക്ഷമതയാണ് പ്രധാനം. സാധാരണ ജനങ്ങളുടെ യഥാർഥ പ്രശ്നം എന്താണെന്ന് മനസിലാക്കാനുള്ള മനോഭാവം സർക്കാർ ഉദ്യോഗസ്ഥർക്ക് വേണം. ജനങ്ങളോട് മര്യാദയോടെയുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥർക്ക് ആവശ്യം. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് പരിഷ്കരിക്കണമെന്നും കമീഷൻ ശിപാർശ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.