ഓൺലൈൻ പർച്ചേസ് മാതൃകയിൽ കഞ്ചാവ് വിൽപന; ‘റോളക്സി’ലെ രണ്ടുപേർ പിടിയിൽ
text_fieldsവണ്ടൂർ: ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്ന് വിൽപന നടത്തിയ ‘റോളക്സ്’ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിൽ ഒരാളെ വണ്ടൂരിലും മറ്റൊരാളെ തിരൂരിലും അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ നെല്ലാകോട്ട സ്വദേശി നൂർമഹൽ വീട്ടിൽ നൗഫൽ അബൂബക്കർ, എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഉപഭോക്താക്കൾ ക്യൂ.ആർ കോഡ് സ്കാൻചെയ്ത് പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചുനൽകുമ്പോൾ ഇതേ വാട്സ്ആപ്പ് നമ്പറിൽ കാത്തുനിൽക്കേണ്ട സ്ഥലവും സമയവും അറിയിക്കും. കൃത്യസമയത്ത് പറഞ്ഞ അളവിലുള്ള മയക്കുമരുന്ന് എത്തിച്ചുനൽകും. ആർക്കാണോ പണം അയച്ചുകൊടുത്തതെന്നോ ആരാണോ മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് എന്നോ ഉപഭോക്താക്കൾക്ക് ഒരു അറിവുമില്ല.
വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. കാളികാവ്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി ഓൺലൈൻ വിൽപന തകൃതിയായതോടെയാണ് എക്സൈസ് രംഗത്തിറങ്ങിയത്.
വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം വിതരണത്തിനെത്തിയ നൗഫൽ അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്നാണ് വിവരം ലഭിച്ചത്. തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്സിലാണ് കഞ്ചാവ് സൂക്ഷിച്ചതെന്നും മറ്റു സംഘാംഗങ്ങൾ അവിടെ ഇരുന്നാണ് ആവശ്യക്കാരെ ഡീൽ ചെയ്യുന്നത് എന്നും മനസ്സിലാക്കി.
തുടർന്ന് എക്സൈസ് സംഘം പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി സംഘത്തിലെ റോളക്സ് വാട്സ് ആപ് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും അഞ്ച് കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
സംഘത്തിലെ മയക്കുമരുന്ന് എത്തിക്കുകയും പണമിടപാട് നടത്തുകയും ചെയ്ത തൊടുപുഴ സ്വദേശി രാഹുൽ എന്ന സനീഷ് രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടർ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട്, പാസ്ബുക്കുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ അറിയിച്ചു. കാളികാവ് എക്സൈസ് റേഞ്ച് ഓഫിസിലെ ഗ്രേഡ് പ്രിവന്റിവ് ഓഫിസറും ഉത്തരമേഖല കമീഷണർ സ്ക്വാഡ് അംഗവുമായ കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. വിപിൻ, മുഹമ്മദ് അഫ്സൽ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.