നവജാത ശിശു വിൽപ്പന: കുഞ്ഞിന്റെ അമ്മ ഗർഭാവസ്ഥയിൽ ചികിത്സ തേടിയപ്പോൾ നൽകിയത് കുഞ്ഞിനെ വാങ്ങിയ യുവതിയുടെ വിലാസം
text_fieldsതിരുവന്തപുരം: നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കെമാറിയത് നേരത്തെ തീരുമാനിച്ച ശേഷമാണെന്നതിന്റെ തെളിവുകളാണ് പുറത്തായത്. കുഞ്ഞിന്റെ യഥാർഥ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് ഏഴാം മാസമാണ്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്.
നേരത്തെ, തനിക്ക് മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിനി പറഞ്ഞിരുന്നു. തനിക്ക് കുഞ്ഞിന്റെ യഥാർഥ മാതാവുമായി രണ്ടു വർഷത്തെ പരിചയമുണ്ടെന്നും കുഞ്ഞുങ്ങളില്ലാത്തതിനാലാണ് കുട്ടിയെ ചോദിച്ചതെന്നും അവർ വ്യക്തമാക്കിയിരിന്നു. അവരുടെ ഭർത്താവ് പ്രശ്നമുണ്ടാക്കിയപ്പോഴാണ് പണം നൽകിയത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളർത്താനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
നേരത്തെ കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലിൽ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ കിട്ടിയില്ല. കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാർഥ അമ്മയോട് പലപ്പോഴായി പറഞ്ഞിരുന്നു. തിനക്ക് വേണ്ടി ഗർഭം ധരിക്കാമെന്ന് അവർ തന്നോട് സമ്മതിക്കുകയായിരുന്നുവെന്നും കരമന സ്വദേശി വ്യക്തമാക്കി.
കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം പുറത്ത് വന്നത്.
പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവർ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.