പ്രേമചന്ദ്രന്‍റെ ഏകാധിപത്യ പ്രവണതക്കെതിരെ സലീം പി.ചാക്കോയുടെ രാജി
text_fieldsകൊല്ലം: ആര്‍.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.പി സംസ്ഥാന കമ്മറ്റിയംഗവുമായ സലിം പി. ചാക്കോ ആര്‍.എസ്.പിയില്‍ നിന്നും രാജിവച്ചു.
മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (യു.റ്റി.യു.സി) സംസ്ഥാന പ്രസിഡന്‍റ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി, യു.റ്റി.യു.സി. സംസ്ഥാന കമ്മറ്റിയംഗം, യു.റ്റി.യു.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും ഇതോടൊപ്പം രാജിവച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജി എന്നും എം.പി തന്നെ മാനസികമായി തന്നെ പീഡിപ്പിക്കുകയാണെന്നും സലീം പി.ചാക്കോ ആരോപിച്ചു.
ആര്‍.എസ്.പി.യെ എന്‍.കെ.പി. ആക്കുവാനുള്ള നീക്കമാണ് പ്രേമചന്ദ്രന്‍ നടത്തുന്നത്. സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി ഏത് അജണ്ടയും കൃത്യമായി നടപ്പിലാക്കാന്‍ അദ്ദേഹത്തിനറിയാം. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിച്ചതുപോലെ പാര്‍ട്ടിയിലെ നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം നേടിയെടുക്കുന്ന അവനോനിസമാണ് അദ്ദേഹത്തിന്‍റെ പ്രധാന ശൈലി. നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി വച്ച് അദ്ദേഹത്തിന്‍റെ ഏറാമൂളി ആയി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജി വെക്കുന്നത്. പലപ്പോഴും ആര്‍.എസ്.പിയില്‍ വിഭാഗീയത ഉണ്ടായപ്പോള്‍ അതില്‍ കക്ഷി ചേരാതെ താനുള്‍പ്പടെയുള്ള ആര്‍.വൈ.എഫ് നേതാക്കള്‍ പാര്‍ട്ടി തീരുമാനത്തോടൊപ്പം നിന്നവരാണ്. എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫിലേക്ക് ആര്‍.എസ്.പി മാറിയപ്പോള്‍ പാര്‍ട്ടി തീരുമാനത്തിനോടൊപ്പം നില്‍ക്കുകയാണ് ചെയ്തത്.
യുവജനരംഗത്തെ കൂട്ടായ്മ ഇല്ലാതാക്കാനാണ് പ്രേമചന്ദ്രന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന എന്നെ വ്യക്ത്യിഹത്യ ചെയ്യുന്നതിലും പൊതുസമൂഹത്തിൽ എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്ന പ്രവണതയിലും പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നത്.
ആര്‍.വൈ.എഫ് ദേശീയ കമ്മറ്റി ഇന്ന് (ഏപ്രില്‍ 13 വ്യാഴം) ഡല്‍ഹിയില്‍ കൂടാന്‍ ഞാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കമ്മറ്റിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ആര്‍.വൈ.എഫ് ദേശീയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും സംസ്ഥാനതല പ്രവര്‍ത്തനങ്ങളില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എന്നെ ഒഴിവാക്കുകയുമാണ് പ്രേമചന്ദ്രന്‍റെ നിര്‍ദ്ദേശമനുസരിച്ച് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 24 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടന്ന ആര്‍.വൈ.എഫ് സംസ്ഥാന സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എനിക്ക് യാതൊരു സംഘടനാപരമായ പരിഗണനയും നല്‍കിയില്ല. ഏപ്രില്‍ പതിനൊന്നിന് ചേര്‍ന്ന ആര്‍.വൈ.എഫ് സംസ്ഥാന കമ്മറ്റി യോഗം പോലും തന്നെ അറിയിക്കാതെയാണ് കൂടിയിട്ടുള്ളതെന്നും സലീം. പി ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.