‘ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും വിശ്രമമില്ലാതെ പ്രവർത്തിച്ച പൊലീസിനും സല്യൂട്ട്; ആഹ്ലാദം പങ്കുവെച്ച് മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: ഓയൂർ മരുതമൺ പള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതിൽ ആഹ്ലാദം പങ്കുവെച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്...
കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൈതാനത്ത് തനിച്ചായ കുഞ്ഞിനെ കണ്ട് ആളുകൾ വിവരം തിരക്കുകയായിരുന്നു. നാട്ടുകാർ ഫോണിൽ രക്ഷിതാക്കളുടെ ഫോട്ടോ കാണിച്ചത് കുഞ്ഞ് തിരിച്ചറിഞ്ഞു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസിന്‍റെ നേതൃത്വത്തിൽ നാടെങ്ങും വലവിരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് ശുഭവാർത്തയെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.