കീഴ്കോടതികളിലെ വനിത ജഡ്ജിമാർക്ക് സൽവാർ കമീസും ഷർട്ടും പാന്റ്സുമാകാം; ഡ്രസ് കോഡ് പരിഷ്കരിച്ചു
text_fieldsകൊച്ചി: കീഴ്കോടതികളിലെ വനിത ജഡ്ജിമാർക്ക് ഇനി വെളുപ്പും കറുപ്പും നിറത്തിലെ സൽവാർ കമീസോ ഷർട്ടും പാന്റ്സുമോ ധരിക്കാമെന്ന് ഹൈകോടതി വിജ്ഞാപനം. വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമെന്ന നിലവിലെ രീതിക്ക് പുറമെയാണ് ഹൈകോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ചൂട് കാലാവസ്ഥയും ഇടുങ്ങിയ കോടതിമുറികളും കണക്കിലെടുത്ത് ഡ്രസ് കോഡ് പരിഷ്കരിക്കാൻ നൂറോളം വനിത ജഡ്ജിമാർ നേരത്തേ ഹൈകോടതി ഭരണവിഭാഗത്തിന് നിവേദനം നൽകിയിരുന്നു. നിലവിലെ ഡ്രസ് കോഡ് 1970 ഒക്ടോബർ ഒന്നിനാണ് നിലവിൽവന്നത്. എന്നാൽ, വേനൽക്കാലത്ത് ഈ വേഷം ധരിക്കുന്നത് ആരോഗ്യ പ്രശ്ങ്ങളുണ്ടാക്കുന്നെന്നുമായിരുന്നു ഇവരുടെ പരാതി. നിലവിലേതിന് പുറമെ വെളുത്ത നിറമുള്ള ഹൈനെക്/കോളർ സൽവാറും കറുത്ത കമീസും കറുത്ത ഫുൾ സ്ലീവ് കോട്ടും നെക് ബാൻഡും കറുത്ത ഗൗണും ഉൾപ്പെട്ട വേഷം ധരിക്കാമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
വെളുത്ത നിറമുള്ള ഹൈനെക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത നിറമുള്ള മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾസ്ലീവ് കോട്ട്, നെക് ബാൻഡ്, കറുത്ത ഗൗൺ എന്നിവയുൾപ്പെട്ട വേഷവുമാകാം. മറ്റു നിറമുള്ള വസ്ത്രങ്ങൾ പാടില്ല. ജുഡീഷ്യൽ ഓഫിസറുടെ അന്തസ്സിനു ചേർന്ന വിധത്തിലുള്ള വസ്ത്രധാരണം വേണമെന്നാണ് നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.