സാം എബ്രഹാമിന് കണ്ണീരോടെ വിട
text_fieldsമാവേലിക്കര: ജമ്മുകശ്മീരിലെ സുന്ദര്‍ബനിയിൽ പാക് വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ലാന്‍ഡ്സ് നായിക് മാവേലിക്കര പോനകം തോപ്പില്‍ സാം എബ്രഹാമിന് (35) ജന്മനാട് കണ്ണീരോടെ വിടയേകി. പുന്നമൂട് സെൻറ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ വന്‍ജനാവലിയുടെ സാന്നിധ്യത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം തിങ്കളാഴ്ച രാവിലെ ആറോടെയാണ് സാം എബ്രഹാമിെൻറ പിതാവ് എബ്രഹാം ജോണ്‍, സഹോദരന്മാരായ സജി, സാബു എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മാവേലിക്കരയിലേക്ക് കൊണ്ടുവന്നത്. കശ്മീരില്‍നിന്ന് എത്തിയ കരസേനയുടെ നായ്ബ് സുബേദാര്‍ ശ്രീകുമാറിെൻറ നേതൃത്വത്തിൽ നായ്ക് ശിവകുമാര്‍, എം.കെ.എം. സിങ്, സുബേദാര്‍ സതീഷ്, പാങ്ങോട് സൈനിക ക്യാമ്പിലെ സുബേദാര്‍ ധനപാലന്, മദ്രാസ് െറജിമെൻറിലെ എക്സ് സർവിസ് പ്രതിനിധികളായ ക്യാപ്റ്റന്‍ ജോസ് മഹേഷ്, ക്യാപ്റ്റന്‍ രവികുമാര്‍, ക്യാപ്റ്റന്‍ എസ്. പിള്ള എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
രാവിലെ 9.30ന് മാതൃവിദ്യാലയമായ മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സൈനിക ഉദ്യോഗസ്ഥർ ഭൗതിക ശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു. അേന്ത്യാപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. രാവിലെ 11.30ന് മൃതദേഹം വിലാപയാത്രയായി പുന്നമൂട്ടിലെ വസതിയിലേക്ക് മാറ്റി. പ്രത്യേക പ്രാർഥന ശുശ്രൂഷകൾക്ക് ശേഷമാണ് ഉച്ചക്ക് രണ്ടോടെ സംസ്കാരച്ചടങ്ങിന് പള്ളിയിലേക്ക് കൊണ്ടുപോയത്. മാതാപിതാക്കളും ഭാര്യ അനുവും അന്ത്യചുംബനം നൽകിയ കാഴ്ച ഏവരെയും കണ്ണീരണിയിച്ചു.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി. തിലോത്തമന്, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, സുരേഷ് ഗോപി, ആര്. രാജേഷ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, കലക്ടർ ടി.വി. അനുപമ, മാവേലിക്കര നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി, യാക്കോബാ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറീലോസ് തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.