കരിപ്പൂരിൽ വലിയ വിമാന സർവിസ് ഉടൻ പുനരാരംഭിക്കണം -സമദാനി
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ അപകടം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരികയും അപകടകാരണം ഔദ്യോഗികമായിത്തന്നെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വൻകിട വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന്
വിമാനത്താവള അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം. പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു. അപകടകാരണം റൺവേയുമായോ വിമാനത്താവളത്തിലെ മറ്റു ഭൗതിക സൗകര്യങ്ങളുമായോ ബന്ധപ്പെട്ടതല്ല എന്ന നേരത്തെയുള്ള അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഇനിയും വൻ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഒരു കാരണവശാലും വൈകിക്കൂടാ. ഈ കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് വിമാന സർവിസ് എത്രയും വേഗത്തിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം. ദുരന്ത ബാധിതർക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ പൂർണമായി കൊടുത്തു തീർക്കാൻ നടപടി സ്വീകരിക്കണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.
അപകട ബാധിതരിൽ ചിലരുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ആരുടെയും നഷ്ടപരിഹാരം നിർത്തി വെക്കാതെ പൂർണമായി കൊടുത്തു തീർക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നും മന്ത്രിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ സമദാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.