മലപ്പുറം അലിഗഡ് കേന്ദ്രം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സമദാനി
text_fieldsനിലനിൽപ്പിനും വികസനത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന അലീഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തെ രക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ന്യായമായി ലഭിക്കേണ്ട സർക്കാർ സഹായം ലഭ്യമാക്കാത്തതിനെത്തുടർന്ന് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണെന്ന് സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് സമദാനി പറഞ്ഞു.
2010ൽ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ടതാണ് അലീഗഡിൻ്റെ മലപ്പുറം കേന്ദ്രം. 2018 ഒാടെ സ്വയംഭരണാവകാശം ആർജ്ജിക്കാനും 2020 ഒാടെ സമ്പൂർണ്ണമായി സ്വതന്ത്ര സ്ഥാപനമായിത്തീരാനുമാണ് സ്ഥാപനത്തിൻ്റെ പ്രൊജക്റ്റ് റിപോർട്ട് ലക്ഷ്യമിട്ടിരുന്നത്.
എന്നാലിന്ന് കേവലം മൂന്ന് ഡിപ്പാർട്ട്മെൻ്റുകളും 500ൽ താഴെ മാത്രം വിദ്യാർത്ഥികളുമുള്ള സാഹചര്യമാണ് മലപ്പുറം അലീഗഡ് കേന്ദ്രത്തിലുള്ളത്.
കേന്ദ്രത്തിൻ്റെ വളർച്ചക്കുള്ള എല്ലാ തടസ്സങ്ങൾക്കും കാരണം സർക്കാർ ഫണ്ട് അനുവദിക്കാത്തതാണെന്ന് സമദാനി പറഞ്ഞു. 1200 കോടി രൂപയാണ് പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം നിർദേശിക്കപ്പെട്ടിരുന്നത്. എന്നാൽ കേവലം 104.93 കോടി രൂപ മാത്രമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. 2017 വരെയുള്ള കാലത്ത് ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെൻ്റുകൾ 60 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പിന്നീടാകട്ടെ സെൻ്ററിൻ്റെ വികസനത്തിനായി തുക അനുവദിക്കുകയേ ഉണ്ടായിട്ടില്ല.
സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾക്ക് അനുസൃതമായിട്ടാണ് അലീഗഡ് മലപ്പുറം കേന്ദ്രം സ്ഥാപിതമായതെന്നും സമദാനി വിശദീകരിച്ചു. സാമൂഹികമായും സാമ്പത്തികമായും പിറകോട്ട് തള്ളപ്പെട്ട വിഭാഗങ്ങൾ പ്രത്യേകമായി അധിവസിക്കുന്ന പ്രദേശങ്ങൾ സവിശേഷ വിദ്യാഭ്യാസ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ദേശീയവിദ്യാഭ്യാസ നയം ശുപാർശ ചെയ്തിട്ടുള്ളത്. അതനുസരിച്ചും ഈ സ്ഥാപനം പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്. അതുകൊണ്ട് ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആർ പ്രകാരമുള്ള കൂടുതൽ അക്കാദമിക് പരിപാടികൾ യു.ജി.സിയിൽ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.