പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കർമ പദ്ധതികളുമായി സമഗ്ര ശിക്ഷ കേരളം; ത്രിദിന ശിൽപശാല സമാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സാങ്കേതികവും നവീനവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കർമപദ്ധതികള്‍ക്ക് രൂപം നല്‍കി സമഗ്രശിക്ഷാ കേരളയുടെ ത്രിദിന ശിൽപശാല സമാപിച്ചു. സമഗ്രശിക്ഷാ കേരളയുടെ അക്കാദമിക- അക്കാദമികേതര പദ്ധതികള്‍ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിനിണങ്ങും വിധം ഫലപ്രദമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക- രക്ഷാകര്‍തൃ പ്രതിനിധികള്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള കർമ പദ്ധതി തയ്യാറാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും അക്കാദമിക പിന്തുണ ലഭിക്കാതെയോ പഠന പ്രകൃയക്ക് മുടക്കം വരികയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിർദേശം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും ശിൽപശാല രൂപം നല്‍കിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച 2022-23 അക്കാദമിക വര്‍ഷത്തെ എസ്.എസ്.കെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍പ്പെട്ട വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ (വി.ഇ.ആര്‍) സംസ്ഥാനതലത്തില്‍ വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനുള്ള ആസൂത്രണം നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കേണ്ട പദ്ധതികളും ജില്ലാ, ബി.ആര്‍.സി. തലങ്ങളില്‍ സമയ ബന്ധിതമായി നടപ്പിലാക്കേണ്ട പരിപാടികളുടെയും മുന്‍ഗണനയും തയ്യാറാക്കി. വരും മാസങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ പദ്ധതി കലണ്ടര്‍ തയ്യാറാക്കാനും അതനുസരിച്ച് പരിപാടികള്‍ നടപ്പിലാക്കാനും ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.ആര്‍ സുപ്രിയ പറഞ്ഞു.
ഭിന്നശേഷി സൗഹൃദ പരിപാടികള്‍ക്കും, ആദിവാസി ഗോത്ര മേഖലയിലേയും തീരപ്രദേശത്തേയും വിദ്യാര്‍ത്ഥികളടക്കം എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന നിരവധി അക്കാദമിക തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ത്രിദിന ശില്പശാലയില്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ, ഐ.എ.എസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ്, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. സി. രാമകൃഷ്ണന്‍, അഡീഷനല്‍ ഡയറക്ടര്‍മാരായ ആര്‍.എസ്. ഷിബു, ശ്രീകല കെ.എസ്, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എന്‍.ടി ശിവരാജന്‍ തുടങ്ങിയവര്‍ ശിൽപശാലയില്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫിസര്‍മാര്‍, എൻജിനീയര്‍, മീഡിയ ഓഫിസര്‍, പതിനാലു ജില്ലകളിലെയും ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ മൂന്നു ദിവസമായി നടന്ന ശിൽപശാലയില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.