സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
text_fieldsമലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍(60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാര്‍- മൈമൂന ദമ്പതികളുടെ മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്താണ് ജനനം. സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം, സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, 2021 ജനുവരി 13നാണ് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. മേൽമുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി, കിഴക്കേപുരം എന്നിവിടങ്ങളിൽ ദർസ് പഠനം നടത്തിയതിനു ശേഷം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ലയിലെ ഇരുമ്പു ചോല മഹല്ലിൽ ദർസ് നടത്തിവരികയായിരുന്നു. കാച്ചനിക്കാടും ദർസ് നടത്തിയിട്ടുണ്ട്. നിലവിൽ മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിൽ ഖാസിയായിരുന്നു.
ഭാര്യ: നസീറ. മക്കള്‍: അബ്ദുല്ല കമാല്‍ ദാരിമി, അബ്ദുല്‍ വഹാബ് മുസ്ലിയാര്‍, നഫീസത്ത്, അബ്ദുല്‍ മാജിദ്, അബ്ദുല്‍ ജലീല്‍, പരേതയായ മുബശിറ. മരുമക്കള്‍: നിബ്‌റാസുദ്ദീന്‍, ഫാത്തിമ നഫ്‌റീറ, സഹോദരങ്ങള്‍: അബ്ദു ശുക്കൂര്‍ ദാരിമി, ഉമ്മുല്‍ ഫദ്‌ല, പരേതരായ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖദീജ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് 4.30ന് മേല്‍മുറി ആലത്തൂര്‍പടി മഹല്ല് ഖബര്‍സ്ഥാനില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.