Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത-സി.ഐ.സി പ്രശ്നം...

സമസ്ത-സി.ഐ.സി പ്രശ്നം ഒത്തുതീർപ്പിലേക്ക്

text_fields
bookmark_border
Samasta-CIC issue
cancel

കോഴിക്കോട്: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയ സമസ്ത മുശാവറ തീരുമാനത്തെത്തുടർന്ന് ഉലഞ്ഞ സമസ്ത-സി.ഐ.സി ബന്ധം വിളക്കിച്ചേർക്കാൻ തിരക്കിട്ട നീക്കം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.

സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാൽ ഇരുകൂട്ടരും ഒന്നിച്ചിരുന്ന് അന്തിമ ചർച്ച നടത്തുകയും പരിഹാര ഫോർമുല രൂപപ്പെടുത്തുകയും ഹക്കീം ഫൈസിക്കെതിരായ നടപടി പിൻവലിക്കുകയും ചെയ്യുമെന്നാണ് സൂചന.

ഹക്കീം ഫൈസിക്കെതിരായ പരാതി അന്വേഷിക്കാൻ സമസ്ത നിയോഗിച്ച കോഓഡിനേഷൻ സമിതി ഗുരുതര ആക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടാണ് മുശാവറക്ക് നൽകിയത്. സമസ്തയുടെ ആശയങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഹക്കീം ഫൈസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞിരുന്നു.

ഇതോടെ സമസ്ത-സി.ഐ.സി പ്രശ്നത്തിനപ്പുറമുള്ള മാനം ഹക്കീം ഫൈസിക്കെതിരായ നടപടിക്കുണ്ടായി. പ്രവർത്തകർക്കിടയിൽ ഇത് കടുത്ത വാക്പോരിനും ഭിന്നതക്കും കാരണമായതോടെയാണ് അനുരഞ്ജന നീക്കം സജീവമായത്.

സമൂഹ മാധ്യമങ്ങളിലൂടെ ഇരുവിഭാഗമായി തിരിഞ്ഞായിരുന്നു ആരോപണ പ്രത്യാരോപണങ്ങൾ. മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും സമസ്തയെ അനുകൂലിക്കുന്നവരും സി.ഐ.സിയെ പിന്തുണക്കുന്നവരുമെന്ന നിലയിൽ രണ്ടു ചേരി രൂപപ്പെട്ടു. സി.ഐ.സി സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ ആയിരക്കണക്കിന് വാഫികൾക്കിടയിലും പ്രതിഷേധം കനത്തു. വാഫി അലുമ്നി അസോസിയേഷൻ സമസ്ത നടപടിക്കെതിരെ പരസ്യ പ്രതിഷേധമുയർത്തി. സമുദായത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ സമസ്ത തുരങ്കംവെക്കുകയാണെന്ന ആരോപണവുമുണ്ടായി.

പ്രശ്നം ലാഘവത്തോടെ കൈകാര്യം ചെയ്താൽ സമസ്തക്കുതന്നെ ദോഷമാകുമെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് രംഗം തണുപ്പിക്കാനുള്ള ശ്രമം. വിഷയത്തിൽ പരസ്പരം കൊമ്പുകോർക്കരുതെന്ന അഭ്യർഥനയുമായി സി.ഐ.സി സെക്രട്ടേറിയറ്റും രംഗത്തുവന്നു.

സോഷ്യൽ മീഡിയയിലും മറ്റും സമസ്‌തയെയും സി.ഐ.സി സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്ന സത്യവിരുദ്ധ പ്രചാരണങ്ങളെ അപലപിച്ച സെക്രട്ടേറിയറ്റ്, ഇത്തരം നടപടികളിൽനിന്ന് പിന്തിരിയണമെന്ന് അഭ്യർഥിച്ചു. സമസ്ത നേരത്തെ മുന്നോട്ടുവെച്ച പരിഹാര നിർദേശങ്ങൾ സി.ഐ.സി അംഗീകരിച്ചതാണെന്നാണ് ഹക്കീം ഫൈസി വ്യക്തമാക്കുന്നത്.

സമസ്ത അധ്യക്ഷനെ സി.ഐ.സി ഉപദേശക സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി പിൻവലിക്കണമെന്ന നിർദേശം അംഗീകരിക്കാത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. സി.ഐ.സിയിൽ സമസ്തയുടെ അമിത സ്വാധീനമുണ്ടായാൽ സ്വതന്ത്ര പ്രവർത്തനങ്ങൾക്ക് അത് വിഘാതം സൃഷ്ടിക്കുമെന്ന് സി.ഐ.സിയുടെ ആശങ്ക. സമസ്ത കടുത്ത തീരുമാനവുമായി മുന്നോട്ടുപോയാൽ സാദിഖലി തങ്ങൾക്കും അത് തലവേദനയാകും. ഇലക്കും മുള്ളിനും കേടില്ലാതെയുള്ള പ്രശ്നപരിഹാരത്തിനാണ് ലീഗ് ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthacic
News Summary - Samasta-CIC issue towards settlement
Next Story