സമസ്തയുടെ വെണ്മക്ക് പോറൽ ഏൽപിക്കരുത് -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: കേരളത്തിൽ സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കാൻ ത്യാഗപൂർണ ജീവിതം നയിച്ചവരാണ് മുസ്‍ലിംകളെന്നും അവരുടെ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിൽ മുന്നിൽനിന്ന പ്രസ്ഥാനമാണ് സമസ്തയെന്നും പാണക്കാട് സാദിഖലി തങ്ങൾ. സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായ നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്തയിൽ വിള്ളലുണ്ടാക്കാൻ ആരെങ്കിലും അധിക്ഷേപം നടത്തിയാൽ അനുയായികൾ അനുവദിക്കില്ല. സൗഹാർദമാണ് ആവശ്യം. കൂടിയാലോചനകളാണ് അനിവാര്യം.
പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇതര സമുദായങ്ങളുമായിപോലും കൂടിയാലോചന വേണം. ഈ പണ്ഡിതസഭയുടെ പരിശുദ്ധിക്കും വെൺമക്കും പോറലേൽക്കാതെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നൂറാം വാർഷികത്തിൽ എല്ലാവരും ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത എതിരല്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മാനദണ്ഡങ്ങൾക്ക് അസൃതമായി മാത്രമേ വിദ്യാഭ്യാസം നൽകാവൂ എന്നാണ് നിലപാട്. ഇസ്‍ലാം നിർദേശിക്കുന്ന അതിർവരമ്പകുൾക്കുള്ളിലാവണം സ്ത്രീ വിദ്യാഭ്യാസം. മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തെയും സമസ്ത പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അത് വിശുദ്ധ ദീനിനെ എതിർക്കുന്നതാവരുതെന്ന് മാത്രമേയുള്ളൂ. നാടിന്റെ സൗഹാർദവും രാജ്യത്തിന്റെ ജനാധിപത്യവും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് ഹസ്റത്ത് ഉപഹാരസമർപ്പണം നിർവഹിച്ചു. സമസ്ത ട്രഷറർ പി.പി. ഉമർ മുസ്‍ലിയാർ കൊയ്യോട് സ്വാഗതവും കെ. മോയിൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.